ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്ന 'ഓ മിത്രോം' പ്രയോഗം ഓമിക്രോണിനേക്കാൾ വലിയ അപകടകാരിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ.

'ജനങ്ങളെ തമ്മിലുള്ള ധ്രുവീകരണം വർധിപ്പിക്കാനും രാജ്യത്ത് വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കാനുമാണ് 'ഓ മിത്രോം' വിളികൾ ശ്രമിക്കുന്നത്. ഭരണഘടനക്കെതിരെ ആക്രമണങ്ങൾ നടത്തുകയും നമ്മുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതിന്റെ അനന്തരഫലങ്ങളാണ് നമ്മൾ ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ വൈറസിന് മിതമായ വകഭേദങ്ങളില്ല' - അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഭാരതീയ ജനതാ പാർട്ടിക്കും അതിന്റെ നേതാക്കന്മാർക്കും എതിരെ ശശി തരൂർ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.

രാജ്യത്തെ ഗുരുതരമായ കോവിഡ് സാഹചര്യം ലഘൂകരിച്ച് കാണിക്കാനുള്ള ശശി തരൂരിന്റെ ശ്രമമാണിതെന്ന് ബിജെപി വക്താവായ ഷെഹ്സാദ് പൂനാവാല പ്രതികരിച്ചു. ഇതിന് മുൻപും യോഗി ആദിത്യനാഥിനെയും ബിജെപി നയങ്ങളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ശശിതരൂർ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു. രാഹുൽ ഗാന്ധി കോവിഡിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ കോൺഗ്രസ് യഥാർത്ഥത്തിൽ ഗുരുതരമായ സാഹചര്യത്തെ ലഘൂകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.