ടെഹ്‌റാൻ: ഇറാനിൽ മൃഗശാലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ സൂക്ഷിപ്പുകാരൻ മരിച്ചു. സൂക്ഷിപ്പുകാരനെ കടിച്ചുകൊന്ന പെൺ സിംഹം ഇണയുമായി മൃഗശാലയിൽ നിന്ന് രക്ഷപെട്ടു. കാഴ്ചബംഗ്ലാവിൽ സിംഹങ്ങൾക്ക് ഭക്ഷണം നൽകുകയും അവയെ പരിപാലിക്കുകയുമെല്ലാം ചെയ്തിരുന്ന നാൽപതുകാരനെയാണ് പെൺ സിംഹം കൊന്നത്. എങ്ങനെയോ കൂട് തുറന്ന് പുറത്തെത്തിയ സിംഹം ഇയാളെ ആക്രമിക്കുകയായിരുന്നു

ടെഹ്‌റാനിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള മാർക്കസി പ്രവിശ്യയിലെ അറാക് നഗരത്തിലെ മൃഗശാലയിലാണ് സംഭവം. പ്രാദേശിക മാധ്യമങ്ങളാണ് തിങ്കളാഴ്ച സംഭവം റിപ്പോർട്ട് ചെയ്തത്. ഇവയെ പിന്നീട് പിടികൂടിയെങ്കിലും ഏറെ നേരത്തേക്ക് സംഭവം സൃഷ്ടിച്ച ആശങ്ക ചെറുതായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വർഷങ്ങളായി മൃഗശാലയിലുണ്ടായിരുന്ന സിംഹമാണ് ആക്രമിച്ചത്. എങ്ങനെയോ കൂടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങുകയും സിംഹങ്ങൾക്ക് ഭക്ഷണം കൊണ്ടുവന്ന 40 വയസ്സുള്ള മൃഗശാല സൂക്ഷിപ്പുകാരനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഒരു ജീവനക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് തന്റെ ഇണയായ മറ്റൊരു സിംഹത്തിനൊപ്പം പെൺസിംഹം കാഴ്ബംഗ്ലാവിന് പുറത്ത് കടക്കുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ കാവൽക്കാരൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പിന്നീട് സുരക്ഷാ ജീവനക്കാർ തന്നെ മണിക്കൂറുകൾക്കുള്ളിൽ സിംഹങ്ങളെ പിടികൂടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ മൃഗശാലയുടെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തതായി പ്രവിശ്യാ ഗവർണർ അമീർ ഹാദിയെ ഉദ്ധരിച്ച് ഇറാനിലെ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. രണ്ട് സിംഹങ്ങളെയും ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങൾ വിജയിച്ചതായും ഗവർണർ പറഞ്ഞു.