ന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രതിപക്ഷം പ്രതികാര രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയോട് പ്രതികാരം ചെയ്യാൻ പ്രതിപക്ഷം വോട്ടർമാരെ പ്രേരിപ്പിക്കുകയാണ്. ഇത് യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസന നയങ്ങളിൽനിന്ന് വളരെ അകലെയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

'ഞങ്ങൾ ഉത്തർപ്രദേശിൽ ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷം പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു' അഖിലേഷ് യാദവിനെ ഉന്നമിട്ടു മോദി അഭിപ്രായപ്പെട്ടു. തന്റെ ആദ്യ വെർച്വൽ റാലിയിലൂടെ ഷംലി, മുസഫർനഗർ, ബാഗ്പത്, സഹാറൻപുർ, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ വോട്ടർമാരെ അദ്ദേഹം അഭിസംബോധന ചെയ്തു.

നിർണായകമായ പശ്ചിമ ഉത്തർപ്രദേശിൽ ഫെബ്രുവരി 10നാണ് വോട്ടെടുപ്പ്. ദരിദ്രർക്കുള്ള വീടുകൾ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള നയങ്ങൾ, മെഡിക്കൽ കോളജുകൾ, എക്സ്പ്രസ് വേകളിലൂടെയുള്ള കൂടുതൽ കണക്റ്റിവിറ്റി, മുസ്ലിം സ്ത്രീകൾക്ക് വേണ്ടിയുള്ള സംരംഭങ്ങൾ എന്നിവ വികസനത്തിന്റെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.

'പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ ഇന്ത്യ ഓരോ പാവപ്പെട്ട കുടുംബത്തെയും പരിപാലിക്കുന്നു. 15 കോടി പൗരന്മാർക്ക് സൗജന്യ റേഷൻ ലഭിക്കുന്നു. 5 വർഷം മുൻപു പാവപ്പെട്ടവർക്കുള്ള റേഷൻ മോഷ്ടിക്കപ്പെട്ട നാടാണ്. ഇന്ന്, പാവപ്പെട്ടവരുടെ വീടുകളിലേക്കാണ് ഓരോ ഭക്ഷ്യധാന്യവും എത്തുന്നത്. ഞങ്ങൾ ഇപ്പോൾ ചെറുകിട കർഷകരെ ഓർത്ത് വിഷമിക്കുന്നു. അവർക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ഇത് മാറ്റങ്ങൾ കൊണ്ടുവരും.' മോദി പറഞ്ഞു.