തലശേരി: കൂത്തുപറമ്പ് നഗരസഭയ്ക്കടുത്തെ ആയിത്തറ മമ്പറത്ത് വ്യാജവാറ്റു നിർമ്മാണവും വിൽപനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്‌ച്ച രാവിലെ റെയ്ഡു നടത്തിയ എക്സൈസ് സംഘത്തിന്റെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് വൻ തീപിടിത്തമൊഴിവായി. ആയിത്തറ മമ്പറം മിന്നിപീടികയ്ക്കു സമീപമാണ് സംഭവം.

കൂത്തുപറമ്പ് സർക്കിൾ എക്സൈസ് പ്രിവന്റീവ് ഇൻസ്പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാലും സംഘവും റെയ്ഡുനടത്തുന്നതിനിടെയാണ് തൊട്ടടുത്ത പ്രദേശത്തെ കശുമാവിൻ തോട്ടത്തിന് തീപിടിച്ചതായി വിവരം ലഭിച്ചത്. ഇതേ തുടർന്ന് ഉടൻ തീയണക്കാൻ കുതിച്ചെത്തിയ എക്സൈസ് ഇതിനിടെയിൽ കൂത്തുപറമ്പ് ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു.

ഇതിനിടെ നാട്ടുകാരും എക്സൈസിനൊപ്പം കൂടിയപ്പോൾ തീയണക്കൽ അതിവേഗം നടന്നു. ഇതിനു ശേഷം ആയിത്തറം മമ്പറം പുഴയോരത്ത് വ്യാജമദ്യത്തിനായി എക്സൈസ് നടത്തിയ തെരച്ചിലിൽ ചാരായം വാറ്റാൻ തയ്യാറാക്കിവെച്ച അൻപതു ലിറ്റർ വാഷ് കണ്ടെടുത്തു. സംഭവത്തിൽ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. റെയ്ഡിൽസിവിൽ ഓഫിസർ മാരായ ലെനിൻ, ഉമേഷ്, നിവിൻ എന്നിവരും പങ്കെടുത്തു.