- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ഞൂറു വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്ക് റോഡില്ല; മതത്തിന്റെ പേരിലുള്ള ഭിന്നത മറന്ന് നാട് ഒന്നിച്ചതോടെ 10 അടി വീതിയിൽ വഴി തുറന്നു; സൗജന്യ ഭൂമി നൽകി മുംസ്ലീം കുടുംബങ്ങൾ; മതസൗഹാർദത്തിന് മലപ്പുറം നൽകുന്ന മാതൃക ഇങ്ങനെ
മലപ്പുറം: അഞ്ഞൂറു വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ റോഡ് നിർമ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകി മുസ്ലിം കുടുംബങ്ങൾ. മതത്തിന്റെ പേരിലുള്ള ഭിന്നതകൾ മറന്ന് നാടൊന്നിച്ചതോടെ ക്ഷേത്രത്തിലേക്ക് ഭക്തർക്ക് എത്താൻ നിർമ്മിച്ചത് പത്ത് അടി വീതിയിലുള്ള റോഡ്.
ചിരപുരാതനമായ കൂട്ടിലങ്ങാടി കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിലേക്ക് എത്താൻ നല്ലൊരു വഴിയുണ്ടായിരുന്നില്ല. വർഷങ്ങളായി ജീർണതാവസ്ഥയിലായിരുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന അവസരത്തിലാണ് വഴി നിർമ്മിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. വഴിയുടെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ ചിലർ നടത്തിയിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഭിന്നതയ്ക്ക് ഇടനൽകാതെ ജനപ്രതിനിധികൾ ഇടപെട്ട് സൗജന്യമായി ഭൂമി ലഭ്യമാക്കിയതും റോഡ് നിർമ്മിക്കാനായതും.
മതസൗഹാർദം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും മലബാർ ദേവസ്വം ബോർഡ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ പ്രദേശവാസികളുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ വച്ച് മുസ്ലിംകളായ ഭൂ ഉടമകൾ ക്ഷേത്രത്തിലേക്കുള്ള വഴിക്കു ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു.
ചെറയകുത്ത് അബൂബക്കർ ഹാജി, എം ഉസ്മാൻ എന്നിവരാണ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ നിന്ന് ക്ഷേത്രത്തിലേക്ക് 60 മീറ്റർ നീളത്തിലും 10 അടി വീതിയിലുമാണ് റോഡ് നിർമ്മിക്കുന്നത്. ഒരു കോടി ചെലവിലാണ് ക്ഷേത്രത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ