ബെംഗളൂരു: സംസ്ഥാനത്ത് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിലേക്ക് പുറത്തിറക്കിയ ഒരു ടെക്‌സ്റ്റ് ബുക്കിലും മലയാളി താരം കുഞ്ചാക്കോ ബോബന്റെ ചിത്രം അച്ചടിച്ചിട്ടില്ലെന്ന വിശദീകരണവുമായി കർണാടക ടെക്‌സ്റ്റ് ബുക്ക് സൊസൈറ്റി.

തങ്ങൾ അച്ചടിച്ച ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെയോ മറ്റ് മലയാള സിനിമാ താരങ്ങളുടെയോ ചിത്രമില്ല എന്നാണ് കെ.ടി.ബി.എസ് വ്യക്തമാക്കുന്നത്. ദേശീയ മാധ്യമമായ ഡെക്കാൻ ഹെറാൾഡാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു കർണാടക സർക്കാർ പുറത്തിറക്കിയ ഒരു ടെക്‌സ്റ്റ് ബുക്കിൽ വിവിധ ജോലികൾ ചെയ്യുന്നവരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്തിൽ പോസ്റ്റ്മാൻ എന്ന ജോലിക്കുനേരെ കുഞ്ചാക്കോ ബോബന്റെ ചിത്രം കൊടുത്തു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.

കുഞ്ചാക്കോ ബോബൻ അഭിനയിച്ച 'ഒരിടത്തൊരു പോസ്റ്റ്മാൻ' എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ ചിത്രമാണ് ഇത്തരത്തിൽ കൊടുത്തതായി വാർത്തകൾ വന്നത്. കുഞ്ചാക്കോ ബോബൻ ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. 'അങ്ങനെ കർണാടകയിൽ ഗവൺമെന്റ് ജോലിയും സെറ്റായി. പണ്ട് ലെറ്റർ കൊണ്ടുതന്ന പോസ്റ്റ്മാന്റെ പ്രാർത്ഥന,' എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചത്.

എന്നാൽ, വിഷയത്തിൽ വിശദീകരണവുമായി ടെക്‌സ്റ്റ് ബുക്ക് സൊസൈറ്റി തന്നെ രംഗത്തെത്തി. 'മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ തയ്യാറാക്കിയ എല്ലാ ടെക്‌സ്റ്റ് ബുക്കുകളും വിശദമായി പരിശോധിച്ചു. ഒരു ടെക്‌സ്റ്റ് ബുക്കിലും ഇത്തരത്തിൽ ഒരു മലയാള സിനിമാ നടന്റെയും ചിത്രമില്ല,' കെ.ടി.ബി.എസ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം സംഭവം രാഷ്ട്രീയമായും ഏറ്റെടുക്കപ്പെട്ടിരുന്നു. കർണാടക സർക്കാർ കുട്ടികളുടെ പാഠപുസ്തകത്തിന്റെ ഗുണനിലവാരം പോലും തകർക്കുന്നു എന്ന ആരോപണവുമായി ബെംഗളൂരു റൂറൽ എംപിയും കോൺഗ്രസ് നേതാവുമായ ഡി.കെ. സുരേഷ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.ടി.ബി.എസ് വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം, കുഞ്ചാക്കോ ബോബന്റെ പോസ്റ്റും ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.