ന്യൂഡൽഹി: ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനസൗഹൃദവും പുരോഗമന പരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രരുടെ ക്ഷേമത്തിൽ ശ്രദ്ധയൂന്നിയ ബജറ്റാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരത് ബജറ്റ് എന്നാണ് മോദി ബജറ്റിനെ വിശേഷിപ്പിച്ചത്.

ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മലാ സീതാരാമനെയും ടീം അംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. സമൂഹത്തിൽ എല്ലാവർക്കും, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പ്രയോജനപ്പെടുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മധ്യവർഗത്തിന് ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദത്തെ തള്ളിക്കളയുന്നതാണ് ഈ ബജറ്റ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള അടിയന്തര ആവശ്യങ്ങൾ ഉറപ്പു വരുത്തുന്നതാണ്. കൂടുതൽ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ വളർച്ച എന്നിവ ഉറപ്പു വരുത്തുന്നു. സാധാരണക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.