ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവിനും ശിവപാൽ യാദവിനും എതിരെ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്.
മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും ഇരുവർക്കുമെതിരെ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ പാർലിമെന്ററി തെരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെയും റായ്ബറേലിയിൽ സോണിയാഗാന്ധിക്കെതിരെയും എസ്‌പി സ്ഥാനാർത്ഥികളെ നിർത്താത്തതിനെ തുടർന്നാണ് കോൺഗ്രസ് ഇരുവർക്കുമെതിരെയും സ്ഥാനാർത്ഥികളെ നിർത്താനില്ലെന്ന് പ്രഖ്യാപിച്ചത്.

സമാജ്വാദി പാർട്ടിയുടെ പരമ്പരാഗത മണ്ഡലമായ കർഹാലിൽ നിന്നുമാണ് അഖിലേഷ് മത്സരിക്കുന്നത്. അച്ഛൻ മുലായം സിങ് യാദവിന്റെ പാർലമെന്ററി മണ്ഡലമായ മെയിൻപുരിയിലെ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കർഹാൽ. സമാജ്വാദി പാർട്ടിയുടെ കുത്തക മണ്ഡലമായ കർഹാലിൽ നിന്നും മത്സരിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ നയിക്കാനാണ് അഖിലേഷ് യാദവ് ഒരുങ്ങുന്നത്.

സമാജ്വാദി പാർട്ടിയെയും അഖിലേഷിനെയും സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കർഹാൽ. അഖിലേഷ് തന്നെയാവും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഒരു കാലത്ത് സമാജ്വാദി പാർട്ടിയുടെ സമുന്നതനായ നേതാവായ എസ്‌പി. സിങ് ഭാഗേലാണ് കർഹാലിൽ അഖിലേഷിനെ നേരിടാനൊരുങ്ങുന്നത്.

മുലായം സിംഗിനൊപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഭാഗേൽ പിന്നീട് പാർട്ടിയിൽ നിന്നും രാജിവെക്കുകയും, ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു. നിലവിൽ മോദി നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രിസഭയിലെ അംഗം കൂടിയാണ് ഭാഗേൽ. കർഹാലിൽ ബിജെപി വിജയിക്കുമെന്നും കർഹാൽ ആരുടെയും ശക്തികേന്ദ്രമല്ലെന്നുമായിരുന്നു നാമനിർദേശ പത്രിക നൽകിക്കൊണ്ട് ഭാഗേൽ പറഞ്ഞത്.

'എന്റെ എല്ലാ ശക്തിയുമെടുത്ത് ഞാൻ പോരാടും. സമാജ്വാദി പാർട്ടിയുടെ ശക്തിദുർഗങ്ങളായ കനൗജിലും ഫിറോസാബാദിലും എടാവയിലും എസ്‌പി തോൽക്കുന്നത് ഞാൻ കണ്ടതാണ്. ഇക്കൂട്ടത്തിലേക്ക് കർഹാലും ചേർത്തുവെക്കും,' ഭാഗേൽ പറഞ്ഞു.

സമാജ്വാദി പാർട്ടിയുടെ സമുന്നതനായ നേതാവും അഖിലേഷ് യാദവിന്റെ അമ്മാവനുമായിരുന്ന ശിവപാൽ യാദവ് 2017ലാണ് കുടുംബ തർക്കങ്ങളെ പാർട്ടിയിൽ നിന്നും രാജിവെച്ച് പുതിയ പാർട്ടി ഉണ്ടാക്കിയത്. എന്നാലിപ്പോൾ അഖിലേഷ് നേതൃത്വം നൽകുന്ന ചെറുപാർട്ടികളുടെ സഖ്യത്തിനൊപ്പം ചേർന്നാണ് ശിവപാൽ യാദവ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ആർ.എൽ.ഡിയടക്കമുള്ള പാർട്ടികളെ ചേർത്താണ് അഖിലേഷ് സഖ്യത്തിന് രൂപം നൽകിയിരിക്കുന്നത്. എടാവയിലെ ജസ്വന്ത് നഗർ മണ്ഡലത്തിൽ നിന്നുമാണ് ശിവപാൽ യാദവ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. സമാജ്വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നുതന്നെയാണ് ജസ്വന്ത് നഗറും.