- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോയതും പഠനത്തിനു ശേഷം ജോലി നൽകാൻ തീരുമാനിച്ചതും ഇന്ത്യൻ വിദ്യാർത്ഥികളുടെ ഹോട്ട്സ്പോട്ടാക്കി മാറ്റിയത് ബ്രിട്ടനെ; യു കെയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻകുതിപ്പ്; ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു
ലോകമാകെ കോറോണ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് വ്യാപനം തുടരുമ്പോഴും വിദേശങ്ങളിൽ പഠനത്തിനു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിവരികയാണ്. പ്രത്യേകിച്ച് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ അവർക്ക് ഏറെ പ്രിയപ്പെട്ട പഠനകേന്ദ്രങ്ങളായി മാറുകയാണ്. 2019-20 വിദ്യാഭ്യാസ വർഷത്തിൽ ബ്രിട്ടനിൽ ആകെ ഉണ്ടായിരുന്നത് 41,815 വിദ്യാർത്ഥികളായിരുന്നെങ്കിൽ 2020-21 ൽ അത് 53,015 ആയി വർദ്ധിച്ചു. അതായത് ഒരു വർഷത്തിനിടെ ഉണ്ടായത് 27 ശതമാനത്തിന്റെ വർദ്ധനവ്.
ബ്രിട്ടനിലെ വിദേശവിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇപ്പോഴും ചൈന തന്നെയാണ് മുൻപിലെങ്കിലുങ്കിലും വർഷം പോകും തോറും അവരുടെ എണ്ണം കുറഞ്ഞുവരികയാണ്. 2019-20 ൽ 1,04,240 ചൈനീസ് വിദ്യാർത്ഥികളാണ് ബ്രിട്ടനിലെ വിവിധ സർവ്വകലാശാലകളിൽ പഠനത്തിന് ചേർന്നതെങ്കിൽ 2020-21 ൽ അത് 99,160 ആയി കുറഞ്ഞു. അതായത് 5% കുറവുണ്ടായിരിക്കുന്നു ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിനെന്ന് ചുരുക്കം.
ബ്രിട്ടനിലെ സർവ്വകലാശാലകൾ പൊതുവെ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നവരാണെന്ന ഖ്യാതി ലോകമാകെ ഉണ്ട്. മാത്രമല്ല, പുതിയ നിയമം അനുസരിച്ച് പഠനം പൂർത്തിയാക്കിയാൽ ബ്രിട്ടനിൽ തന്നെ കുറച്ചു കാലയളവിൽ ജോലിചെയ്യുവാനുള്ള സൗകര്യവും ഉണ്ട്. ഇതൊക്കെയാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ബ്രിട്ടനിൽ പഠനത്തിനായി ആകർഷിക്കുന്ന ഘടകങ്ങൾ.
പഠനം പൂർത്തിയായാൽ നിശ്ചിത കാലയളവ് ജോലിചെയ്യാൻ അനുവദിക്കുന്ന നിയമം മൂലം വിദ്യാഭ്യാസ യോഗ്യതയ്‌ക്കൊപ്പം പ്രവർത്തി പരിചയവും നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. ഇത് തീർച്ചയായും അവരുടെ ഭാവിക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ടു തന്നെയായിരിക്കാം ബ്രിട്ടനിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് വർദ്ധിക്കുക തന്നെയാണെന്നാണ് ഇന്ത്യൻ നാഷണൽ സ്റ്റുഡന്റ് അസ്സോസിയേഷൻ യു കെ പ്രസിഡണ്ട് അമിത് തിവാരി പറയുന്നത്.
അതേസമയം വിദ്യാഭ്യാസ കാര്യങ്ങളിൽ ബ്രിട്ടന്റെ സ്വാഭാവിക പങ്കാളിയാണ് ഇന്ത്യ എന്നാണ് നാഷണൽ ഇന്ത്യൻ സ്റ്റുഡന്റ്സ്ആൻഡ് അലുമി യൂണീയൻ യു കെയുടെ സ്ഥാപകയും ചെയർപേഴ്സണുമായ സനം അറോറ പറയുന്നത്. പഠനശേഷം ജോലി എന്നത് വളരെ ആകർഷണീയമായ ഒരു കാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. ബ്രിട്ടനും ഇന്ത്യയും തമ്മിൽ ഒപ്പുവയ്ക്കാൻ ഇരിക്കുന്ന പുതിയ സ്വതന്ത്ര വ്യാപാരകരാറിനു ശേഷം ഇന്ത്യാക്കാർക്ക് കൂടുതൽ അവസരങ്ങൾ ബ്രിട്ടനിൽ ലഭിക്കുമെന്നും അവർ ചൂണ്ടിക്കാണിച്ചു.
അടുത്തകാലത്ത ബ്രിട്ടൻ കൊണ്ടുവന്ന ഗ്രാഡുവേറ്റ് റൂട്ട് വിസ പ്രകാരം പഠനശേഷവും വിദ്യാർത്ഥിക്ക് ആരുടെയും സ്പോൺസർഷിപ്പ് ഇല്ലാതെ തന്നെ ബ്രിട്ടനിൽ ജീവിക്കുവാനും ജോലിചെയ്യുവാനും കഴിയും. അണ്ടർ ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് വിദ്യാർത്ഥികൾക്ക് പഠനശേഷം 2 വർഷം വരെയും പി എച്ച് ഡി വിദ്യാർത്ഥികൾക്ക് പഠനശേഷം 3 വർഷം വരെയും ബ്രിട്ടനിൽ താമസിച്ച് ജോലി ചെയ്യാവുന്നതാണ്. യു കെ ഗ്രാഡുവേറ്റ് വിസയ്ക്ക് അർഹത നേടണമെങ്കിൽ വിദ്യാർത്ഥികൾ അതിനായി അപേക്ഷിക്കുന്ന സമയത്ത് സാധുതയുള്ള ഒരു ടയർ 4 വിസ അവർക്ക് ഉണ്ടായിരിക്കണം.
മറുനാടന് മലയാളി ബ്യൂറോ