തിരുവനന്തപുരം: ബസ് ചാർജ് വർധന ഇപ്പോൾ അനിവാര്യമായ വിഷയമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു . ബസ് ചാർജ് ഉടൻ കൂട്ടേണ്ടി വരുമെന്നും വിദ്യാർത്ഥികളുടെ കൺസഷനിലും തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎൽ വിദ്യാർത്ഥികൾക്കായി സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷമായിരിക്കും ബസ് ചാർജ് വർധനയിൽ അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം അറിയിച്ചു.

മിനിമം ചാർജ് പന്ത്രണ്ടായി ഉയർത്തണമെന്ന് ഗതാഗത മന്ത്രിയുമായി കഴിഞ്ഞവർഷം നവംബറിൽ നടത്തിയ ചർച്ചയിൽ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ 8 രൂപയാണ് മിനിമം ചാർജ്. ചർച്ചകഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും സർക്കാരിൽ നിന്ന് ഒരു തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ അനിശ്ചിത കാല സമരത്തിലേക്ക് പോകാൻ ആലോചിക്കുകയാണ് സ്വകാര്യ ബസുടമകൾ. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായില്ലെങ്കിൽ യോഗം ചേർന്ന് അനിശ്ചിത കാല സമരം തീരുമാനിക്കും.

7500 ഓളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ സർവ്വീസ് നടത്തിക്കെണ്ടിരിക്കുന്നത്.നേരത്തെ നിരക്ക് വർധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ സമരം പ്രഖ്യാപിച്ചെങ്കിലും ക്രിസ്തുമസ്, ന്യൂ ഇയർ തിരക്ക് പ്രമാണിച്ച് ബസ് ഉടമകൾ സമരം പിൻവലിച്ചിരുന്നു.