സിയോൾ: അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഉത്തര കൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉന്നിന്റെ ഭാര്യ റി സോൾ ജു. ചാന്ദ്ര പുതുവർഷത്തോട് അനുബന്ധിച്ച് തലസ്ഥാനമായ പ്യോങ്യാങ്ങിൽ നടന്ന തിയേറ്റർ പെർഫോമൻസിലാണ് റി പങ്കെടുത്തത്.

കിമ്മും കൂടെയുണ്ടായിരുന്നതായി ഔദ്യോഗിക വാർത്താ ഏജൻസി കെ.സി.എൻ.എ റിപ്പോർട്ടു ചെയ്യുന്നു. കോവിഡ് കാലത്തെ മുൻകരുതൽ എന്ന നിലയിലാണ് ഇവർ പൊതുചടങ്ങുകളിൽ പങ്കെടുക്കാതിരുന്നത് എന്നാണ് നാഷണൽ ഇന്റലിജൻസ് സർവീസ് വിശദീകരിച്ചു.

തിയേറ്റർ പെർഫോമൻസ് വേദിയിൽ കിമ്മിനൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ ആഹ്ലാദാരവങ്ങളോടെയാണ് കാണികൾ ഇവരെ വരവേറ്റത്. സെപ്റ്റംബർ ഒമ്പതിനാണ് ഇതിന് മുമ്പ് റി പൊതുവേദിയിലെത്തിയത്. നേരത്തെ, കിമ്മിനൊപ്പം എല്ലാ പരിപാടികളിലും ഇവർ പങ്കെടുക്കാറുണ്ടായിരുന്നു.

ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. ഇവരും പൊതുവേദിയിലെത്താറില്ല. കോവിഡിനെ തുടർന്ന് എല്ലാ അന്താരാഷ്ട്ര അതിർത്തികളും അടച്ചിരിക്കുകയാണ് ഉത്തര കൊറിയ. ഇതുവരെ രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

2015ലാണ് പെൺകുട്ടികൾക്കു സൈനിക സേവനം നിർബന്ധമാക്കി ഉത്തര കൊറിയ ഉത്തരവു പുറപ്പെടുവിച്ചത് . അതിനും മൂന്നുവർഷം മുമ്പാണു റി സോൾ ജു എന്ന സുന്ദരിയെ ലോകം കിം ജോങ് ഉന്നിനൊപ്പം കണ്ടുതുടങ്ങിയത്. പിന്നാലെ നിറംപിടിപ്പിച്ച കഥകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

പ്രശസ്തമായ ഒരു സംഗീതട്രൂപ്പിലെ അംഗമാണെന്നും പാട്ടുകാരിയാണെന്നുമൊക്കെ വാർത്തകൾ എത്തിയെങ്കിലും കിം ജോങ് ഉന്നും റിയും തമ്മിലുള്ള ബന്ധം ദുരൂഹമായിത്തന്നെ തുടർന്നു. ഒടുവിൽ 2012 ജൂലൈ 25 ന് ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം ആ രഹസ്യം പുറത്തുവിട്ടു കിമ്മിന്റെ ഭാര്യയാണ് റി. ഉത്തരകൊറിയയുടെ ഭരണാധികാരി ഭാര്യയ്‌ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്ന പതിവില്ല. പതിവുകളേറെ തെറ്റിക്കുകയും പുതിയ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുകയും ചെയ്ത കിം പിന്നീടും റി സോളിനൊപ്പം പൊതുവേദികളിൽ വന്നു.



ഔദ്യോഗിക സന്ദർശനങ്ങൾ നടത്തി. കിമ്മിനെപ്പോലെതന്നെ റിയും ലോകമാധ്യമങ്ങളിലെ പരിചിതമുഖമായി. ആറുവർഷമായി 'സഖാവ്' എന്നറിയപ്പെട്ട റി സോളിന് ഒടുവിൽ സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ മറ്റൊരു വനിതയ്ക്കും ഇതുവരെ എത്താനാവാതിരുന്ന ഉയരത്തിൽ. പ്രഥമ വനിത എന്ന ഉന്നതസ്ഥാനം.

ഏകാധിപതികളായ പുരുഷന്മാർ മാത്രം തലപ്പത്ത് ഇരിക്കുകയും നിയമങ്ങൾ നടപ്പിലാക്കുകയും ഇരുമ്പുചട്ടക്കൂട്ടിലെന്നവണ്ണം ദുരൂഹതയും സഹസ്യാത്മകതയും നിലനിർത്തുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ കടിഞ്ഞാണിൽ ഒരു യുവസന്ദരിക്കും നിയന്ത്രണമുണ്ടെന്ന് പിന്നീടാണ് ലോകത്തിന് വ്യക്തമായത്.