കണ്ണൂർ: വീടിനു സമീപത്തുള്ള കോഴിക്കൂടിനരികെ നിന്നും ബോംബു നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് കൈവിരലുകളറ്റ ആർ. എസ്. എസ് നേതാവിനെ പെരിങ്ങോം പൊലിസ് അറസ്റ്റു ചെയ്തു. ബുധനാഴ്‌ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആർ. എസ്. എസ മുൻ ജില്ലാകാര്യവാഹക് കാങ്കോൽ ആലക്കാട്ടെ ബിജുവിനെ പെരിങ്ങാംസ്റ്റേഷൻ ഹൗസ് പൊലീസ് ഇൻസ്പെക്ടർ സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ പയ്യന്നൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്‌ച്ച വീടിനു സമീപത്തെ കോഴിക്കൂടിനു സമീപംവച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ ഉഗ്രശബ്ദത്തിൽ ബോംബ് പൊട്ടിത്തെറിച്ചത്. പ്രദേശവാസികൾ ഉഗ്രശബ്ദം കേട്ടിരുന്നുവെങ്കിലും പൊട്ടിയത് ബോംബാണെന്ന് അന്ന് വൈകുന്നേരമാണ് നാട്ടുകാരും പൊലിസും അറിയുന്നത്. തുടർന്ന് പൊലീസ് ബിജുവിന്റെ വീട്ടിലെത്തി പരിശോധന നടത്തി. അപകടം നടന്ന സ്ഥലത്തു നിന്നും പ്ലാസ്റ്റിക് കണ്ടെയ്നർ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ ബിജുവിന്റെ രണ്ടുവിരലുകളറ്റിരുന്നു.

കഴിഞ്ഞ ദിവസം ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് ബോംബു നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് വ്യക്തമായത്. നേരത്തെ കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിജു നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിനായി പടക്കം നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ പിന്നീട് ഇയാൾ പൊലിസിന് മൊഴി നൽകിയത് പന്നിപ്പടക്കം കെട്ടുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ്. എന്നാൽ സ്ഫോടനമുണ്ടായതിനു ശേഷം ഉടനെയെത്തിയ വാഹനത്തിൽ ഒരാൾ ബിജുവിനെയും കൂട്ടി ആശുപത്രിയിലേക്ക് രഹസ്യമായി പോയെന്ന് പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.

പയ്യന്നൂർ കുന്നരുവിലെ സി.പി. എം പ്രവർത്തകൻ ധനരാജ് വധക്കേസിലുൾപ്പെടെ ബിജു നിരവധി കേസിലെ പ്രതിയാണ് ബിജുവെന്ന് പൊലിസ് പറഞ്ഞു. നേരത്തെയും ഇയാളുടെ വീട്ടിൽ സ്ഫോടനമുണ്ടാവുകയും അമ്മയുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.