- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി മധു കൊലപാതകക്കേസ്: പുനരന്വേഷണം വേണമെന്ന് കുടുംബം; ആവശ്യമറിയിച്ചത് നടൻ മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകനോട്; അപവാദ പ്രചാരണത്തിനെതിരെ നടപടി വേണമെന്നും ആവശ്യം
പാലക്കാട്: അട്ടപ്പാടി മധു കൊലപാതക കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം. നടൻ മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകനോടാണ് കുടുംബം ആവശ്യമറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ അപവാദപ്രചാരണത്തിനെതിരെ നടപടി വേണമെന്നും മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. കേസിന്റെ തുടർ നടത്തിപ്പ് സർക്കാർ തന്നെയാകും നിർവഹിക്കുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല. ആക്ഷൻ കൗൺസിലുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു
ജനുവരി 30നാണ് അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി രംഗത്തുവന്നത്. കുടുംബത്തിന് നിയമപരമായ വശങ്ങൾ പരിശോധിക്കാൻ കേരള, മദ്രാസ് ഹൈക്കോടതികളിലെ അഭിഭാഷകനായ അഡ്വ നന്ദകുമാറിനെയാണ് ചുമതലപ്പെടുത്തിയത്. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടിയുടെ നിർദേശപ്രകാരം, അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള പി ആർ ഒ റോബർട്ട് മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു
സംസ്ഥാന നിയമമന്ത്രി പി രാജീവുമായും മമ്മൂട്ടി ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് അദ്ദേഹം മമ്മൂട്ടിക്ക് ഉറപ്പ് നൽകി. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് നൽകിയിരുന്നു. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനമാണ് അവർ അറിയിച്ചത്.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്ന് ഒടുവിൽ കോടതിക്ക് തന്നെ ചോദിക്കേണ്ട അവസ്ഥ വന്നിരുന്നു. കേസിന്റെ ഓൺലൈൻ സിറ്റിംഗിനിടെയായിരുന്നു കോടതിയുടെ പരാമർശം. ഇതോടെ കേസ് മാർച്ച് 26ലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ നവംബർ 15-ന് കേസ് പരിഗണിച്ചപ്പോളും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്നാണ് ജനുവരി 25-ലേക്ക് മാറ്റിവെച്ചത്. എന്നാൽ 25-നും പ്രോസിക്യൂട്ടർ കോടതിയിൽ എത്തിയില്ല.
നേരത്തെയും മധു കേസ് പരിഗണിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് പ്രോസിക്യൂഷൻ വിചാരണ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ പിന്നാലെ പോകാനും സമ്മർദം ചെലുത്താനും തങ്ങൾക്ക് ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മ മല്ലി അന്ന് പ്രതികരിച്ചത്.
2018 ഫെബ്രുവരി 22-നാണ് ആദിവാസിയുവാവായ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അന്ന് ഏറെ ചർച്ചയായെങ്കിലും കേസിന്റെ നടത്തിപ്പിൽ ബന്ധപ്പെട്ടവർ ശ്രദ്ധചെലുത്തിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കേസിനായി ആദ്യം ഒരു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങൾ പോരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു.
പിന്നീട് 2019 ഓഗസ്റ്റിലാണ് വി.ടി.രഘുനാഥിനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പക്ഷേ, ഒരിക്കൽപോലും അദ്ദേഹം മണ്ണാർക്കാട്ടെ കോടതിയിൽ എത്തിയില്ല. അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകർ മാത്രമാണ് കോടതിയിൽ വന്നത്.
മറുനാടന് മലയാളി ബ്യൂറോ