മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 28 യാത്രക്കാരിൽ നിന്നും 23 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണം കടത്തിയവരെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയവരും പിടിയിലായി.

ഗൾഫിൽ നിന്ന് വിവിധ വിമാനങ്ങളിൽ എത്തിയവരാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ വൻതോതിൽ സ്വർണം എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കാറുകളും പിടിച്ചെടുത്തു.

സ്വർണവുമായി പിടിയിലായ 28 യാത്രക്കാരിൽ 20ലധികംപേരും സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിലാണ്. ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം ഭാഗമായി കൊച്ചിയിൽ നിന്ന് കരിപ്പൂരിലെത്തിയ കസ്റ്റംസ് പ്രൊവന്റീവ് വിഭാഗമാണ് ചൊവ്വാഴ്ച രാത്രി 12 മുതൽ ബുധനാഴ്ച ഉച്ചവരെ പത്തിലധികം വിമാനങ്ങളിലെത്തിയ 28 യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടിയത്.

പിടിയിലായവരിൽ നാല് സ്ത്രീകളും ഉൾപ്പെടും.കരിപ്പൂർ വിമാനത്തവളം വഴി സ്വർണവുമായി വന്ന സ്ത്രീക്ക് സ്വർണമെത്തിക്കാൻ നൽകിയത് 60,000രൂപ. ഇറങ്ങുന്ന എല്ലാ വിമാനത്തിലും സ്വർണക്കടത്ത്.

കരിപ്പൂരിൽ ഗൾഫിൽ നിന്നെത്തുന്ന വിമാനങ്ങളിൽ സ്വർണം എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിന്റെ 30 അംഗ പ്രത്യേക വിഭാഗത്തിന്റെ പരിശോധന.വിമാനത്താവളത്തിന് അകത്തും പുറത്തും വച്ചാണ് യാത്രക്കാരെ സ്വർണവുമായി പിടികൂടിയത്.

കാസർക്കോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം ജില്ലകളിലെ യാത്രക്കാരാണ് പിടിയിലായവർ.ദുബൈ, അബുദബി, ജിദ്ദ എന്നിവിടങ്ങളിൽ നിന്നെത്തിയ ഏഴ് വിമാനങ്ങളിലാണ് ഇവരെത്തിയത്.സ്വർണം മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് മിക്കവരുമെത്തിയത്.സ്വർണാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി . കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിലെ കമ്മീഷണർ രാജേന്ദ്രകുമാറിന്റെ നിർദ്ദേശം അഡീഷണൽ കമ്മീഷണർ വസന്തകേശൻ, അസിസ്റ്റന്റ് കമ്മീഷണൻ പിജി ലാലു എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത്.