പയ്യന്നൂർ: പാർട്ടി ഗ്രാമമായ മാതമംഗലത്ത് യൂത്ത് ലീഗ് നേതാവിനെ സി. ഐ.ടി.യു പ്രവർത്തകർ അക്രമിച്ചതായി പരാതി. യൂത്ത് ലീഗ് എരമം - കുറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഫ്സൽ കുഴിക്കാടിന് നേരെയാണ് ഇന്നലെ വൈകുന്നേരം മാതമംഗലം പെട്രോൾ പമ്പിന് സമീപത്തു നിന്നും അക്രമം നടന്നത്. സി. ഐ.ടി.യു തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്നാണ് അഫ്സലിന്റെ പരാതി.

നോക്കുകൂലി നൽകാത്തതിന് സിഐ.ടി.യു വിലക്കിയ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങിയതാണ് അക്രമത്തിന് കാരണമെന്നും മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു. ഇതിന് മുൻപും തനിക്ക് നേരെ ഭീഷണിയുള്ളതായി അഫ്സൽ പൊലീസിൽ അറിയിച്ചിരുന്നു. അക്രമത്തിൽ പരിക്കേറ്റ അഫ്സലിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

എന്നാൽ അക്രമവുമായി സിഐ.ടി.യുവിന് ബന്ധമില്ലെന്ന് നേതാക്കൾ അറിയിച്ചു. നേരത്തെ ഈ സ്ഥാപനത്തിലെ കയറ്റിറക്കുമതി തൊഴിലുമായി ബന്ധപ്പെട്ട് ഉടമകളും സി. ഐ. ടി. യു നേതാക്കളും തർക്കമുണ്ടാവുകയും ഇവിടെ സി. ഐ.ടി.യു അനിശ്ചിതകാലപ്രതിഷേധ ധർണ നടത്തുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധി ഉടമകൾക്ക് അനുകൂലമായിട്ടും ഇവർ സമരമവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. തങ്ങളുടെ സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരെ സി. ഐ.ടി. യു പ്രവർത്തകർ തടയുകയും മടക്കി അയക്കുകയും ചെയ്യുന്നതായി പരാതിയുയർന്നിരുന്നു.