- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് ആകാശത്തേക്ക് എത്തിനോക്കി റഷ്യൻ യുദ്ധവിമാനങ്ങൾ; മൂളിപ്പാഞ്ഞെത്തി തിരിച്ചയച്ച് ബ്രിട്ടീഷ് യുദ്ധവിമാനങ്ങളും; കൂടുതൽ സേന വിന്യാസം ഉറപ്പാക്കി അമേരിക്ക; യുദ്ധമുറപ്പിച്ച് കൂസലില്ലാതെ പുട്ടിനും മുൻപോട്ട്; യൂറോപ്പിൽ പടയൊരുക്കം തുടരുമ്പോൾ
യൂറോപ്പിൽ പടയൊരുക്കം തകൃതിയായി നടക്കുന്നു. ഏതൊരു സമയവും യുദ്ധകാഹളം മുഴങ്ങിയേക്കാം എന്നതാണ് ഇപ്പോൾ അവിടത്തെ അവസ്ഥ. നാറ്റോ സഖ്യത്തിൽ ഉക്രെയിനെ ഉൾപ്പെടുത്തുന്നതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വ്ളാഡിമിർ പുടിൻ, ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി നടത്തിയ ടെലെഫോൺ സംഭാഷണത്തിലും റഷ്യയുടേ ആശങ്കകൾ നാറ്റോ സഖ്യം ഗൗരവകരമായി പരിഗണിച്ചില്ല എന്ന് ആവർത്തിച്ചു. അതേസമയം, ഉക്രെയിൻ ആക്രമിക്കുന്നത് റഷ്യയുടെയും പുടിന്റെയും കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിക്കുന്ന ഒന്നായിരിക്കും എന്ന് ബോറിസ് ജോൺസനും മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്‌ച്ച നടക്കേണ്ടിയിരുന്ന ടെലെഫോൺ സംഭാഷണം പാർട്ടിഗെയ്റ്റ് വിവാദം ശക്തമായതിന്റെ പശ്ചാത്തലത്തിൽ ഇന്നലെത്തേയ്ക്ക് മാറ്റുകയായിരുന്നു. അതിന്റെ പേരിൽ റഷ്യൻ മാധ്യമങ്ങൾ ഒരു കോമാളി പരിവേഷം നൽകിയായിരുന്നു ബോറിസ് ജോൺസനെ അവതരിപ്പിച്ചത്. യുവ ഭാര്യയുടെ അടിമ എന്നുവരെ അവർ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചിരുന്നു. ഉക്രെയിനെ നാറ്റോ സഖ്യത്തിൽ എടുക്കാതിരിക്കുക, പഴയ സോവിയറ്റ് രാജ്യങ്ങളിൽ നിന്നും പാശ്ചാത്യ സേനകളെ പിൻവലിക്കുക തുടങ്ങി റഷ്യയുടെ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങളാണ് പുടിൻ മുൻപോട്ട് വച്ചിരിക്കുന്നത്.
അതിനിടയിൽ എല്ലാത്തരത്തിലും പ്രകോപനം ഉണ്ടാക്കുവാനും റഷ്യ ശ്രമിക്കുന്നുണ്ട്. ഇന്നലെ ബ്രിട്ടന്റെ ആകാശത്തേക്ക് കുതിച്ചെത്തിയത് നാല് റഷ്യൻ ബോംബർ വിമാനങ്ങളായിരുന്നു. എന്നാൽ, ബ്രിട്ടീഷ് വ്യോമസേനയുടെ വിമാനങ്ങൾ അവയെ തുരത്തിയോടിച്ചു.അതേസമയം ഫോർട്ട് ബ്രാഗിൽ നിലയുറപ്പിച്ചിരിക്കുന്ന 2000 പേരോളം വരുന്ന സൈന്യത്തെ പോളണ്ടിലും ജർമ്മനിയിലുമായി വിന്യസിക്കുമെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിലെ വക്താവ് ജോൺ കിർബി പറഞ്ഞു. അതേസമയം നിലവിൽ ജർമ്മനിയിലുള്ള 1000 പേരോളം വരുന്ന ഒരു അമേരിക്കൻ സൈന്യവിഭാഗത്തെ റോമാനിയയിലേക്ക് മാറ്റും എന്നും വക്താവ് അറിയിച്ചു.
അതിനുപുറമെ ഫ്രാൻസും റൊമേനിയയിലേക്ക് സൈന്യത്തെ അയയ്ക്കുവാൻ ആലോചിക്കുന്നതായി അമേരിക്കൻ വക്താവ് പറയുന്നു. നാറ്റോ സഖ്യത്തിൽ മറ്റു അംഗരാജ്യങ്ങളുംകൂടുതൽ സൈന്യത്തെ യൂറോപ്യൻ യൂണിയന്റെ കിഴക്കൻ അതിർത്തികളിൽ വിന്യസിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. നാറ്റോയും അമേരിക്കയും യുദ്ധത്തിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴുംഉക്രെയിൻ ആക്രമിക്കുക എന്നത് തന്റെ അജണ്ടയിലുള്ള കാര്യമല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ. അതേസമയം, ഉക്രെയിൻ അതിർത്തിയിൽ റഷ്യൻ സൈനികരുടെ എണ്ണം 1,30,000 ആയതായി ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടിൽ പറായുന്നു.
അതുപോലെ ഇല്ലാത്ത ആക്രമണത്തിന്റെ പേരിൽ യൂറോപ്പിൽ അമേരിക്ക അവരുടെ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുകയാണെന്നും പുടിൻ ആരോപിച്ചു. ഇത് മേഖലയിലെ സംഘർഷ സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തീർത്തും വിനാശകരമായ ഒരു നീക്കമാണ് അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് എന്നും പുടിൻ പറഞ്ഞു.
എന്നാൽ, നാറ്റോ സഖ്യത്തിൽ ഉക്രെയിനെ ചേർക്കരുത് എന്ന ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നാണ് ബ്രിട്ടൻ പറയുന്നത്. നാറ്റോയുടെ നയം അനുസരിച്ച് ജനാധിപത്യ വ്യവസ്ഥയുള്ള ഏതൊരു യൂറോപ്യൻ രാജ്യത്തിനും അതിൽ അംഗമാകാം. ഉക്രെയിനിൽ ജനാധിപത്യ വ്യവസ്ഥയാണ് നിലനിൽക്കുന്നത്. അതിനാൽ തന്നെ അംഗത്വത്തിന് അപേക്ഷിക്കുവനുള്ള എല്ലാ അർഹതയും ഉക്രെയിനുണ്ട്. അത്തരമൊരു അപേക്ഷ തള്ളാൻ നിലവിലെ നയപരിപാടികളും നിയമങ്ങളും അനുസരിച്ച് നാറ്റോയ്ക്ക് കഴിയുകയുമില്ല.
അതേസമയം, അമേരിക്കൻ സൈനിക നീക്കത്തെ അനുകൂലിച്ചുകൊണ്ട് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തി. തന്റെ രാജ്യത്ത് അമേരിക്കൻ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത് ഐക്യദാർഢ്യത്തിന്റെ സൂചനയാണെന്നായിരുന്നു പോളണ്ട് പ്രതിരോധമന്ത്രി ട്വിറ്ററിൽ കുറിച്ചത്. റഷ്യൻ ആക്രമണമുണ്ടാകുന്ന സാഹചര്യത്തിൽ നാറ്റോ സഖ്യത്തോട് ചേർന്ന് പോരാടാൻ 8500 അമേരിക്കൻ സൈനികരെയാണ് അമേരിക്ക ഇപ്പോൾ കിഴക്കൻ യൂറോപ്പിൽ വിന്യസിച്ചിരിക്കുന്നത്.
പോളണ്ടിലും റൊമേനിയയിലും ആയിരക്കണക്കിന് അമേരിക്കൻ സൈനികർ ഉണ്ട്. മാത്രമല്ല, നാറ്റോ സഖ്യത്തിന്റെ ഒരു മിസൈൽ ഡിഫെൻസ് സംവിധാനവും ഇവിടെയുണ്ട്. ഇതാണ് റഷ്യ ഏറ്റവും വലിയ ഭീഷണിയായി കാണുന്നത്. അതേസമയം കൂടുതൽ പ്രകോപനം ഉണ്ടാക്കാതിരിക്കാനായി മുൻ സോവ്യറ്റ് റിപ്പബ്ലിക്കുകളായ എസ്റ്റോണിയ, ലാറ്റ്‌വിയ, ലിത്വാന എന്നിവിടങ്ങളിലേക്ക് അമേരിക്ക് സൈന്യത്തെ അയച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഇങ്ങനെ ഒരു യുദ്ധത്തിനുള്ള സാധ്യത വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ ബ്രിട്ടീഷ് അതിർത്തിയിലേക്ക് രണ്ട് റഷ്യൻ ബോംബർ വിമാനങ്ങൾ പറന്നെത്തിയത്. പഴയ ശീതയുദ്ധകാലത്തെ രണ്ട് ഭീമൻ ബോംബർ വിമാനങ്ങളായിരുന്നു ബ്രിട്ടന്റെ ആകാശത്ത് എത്തിയത്. ടു 95 ബെയർ എച്ച്, ടു-142 ബെയർ എഫ് എസ് എന്നീ വിമാനങ്ങളാണ് ബ്രിട്ടനെ പ്രകോപിപ്പിക്കുവാൻ എത്തിയത്. എന്നാൽ മണിക്കൂറിൽ 1550 മൈൽ വേഗത്തിൽ വരെ പറക്കാൻ കഴിവുള്ള ബ്രിട്ടീഷ് വ്യോമസേനയുടെ ടൈഹൂൺ വിമാനങ്ങൾ അവയെ തുരത്തുകയായിരുന്നു.
പറന്നെത്തിയ ബ്രിട്ടീഷ് വിമാനങ്ങൾ റഷ്യൻ വിമാനങ്ങളെ ബ്രിട്ടന്റെ അതിർത്തിക്ക് പുറത്തേക്ക് കടത്തിവിട്ടു. ഒരു യുദ്ധമുണ്ടായാൽ പക്ഷെ മിക്ക നാറ്റോ അംഗരാജ്യങ്ങളും അതിൽ നേരിട്ട് പങ്കെടുത്തേക്കില്ല. സൈന്യത്തെ അയയ്ക്കുന്നതിനു പകരമായി ആയുധങ്ങളും പണവും ഉക്രെയിന് നൽകി ഉക്രെയിൻ സൈനികരെ ഉപയോഗിച്ച് തന്നെ റഷ്യൻ ആക്രമണം ചെറുക്കാനായിരിക്കും അവർ ശ്രമിക്കുക. അതേസമയം ഡെന്മാർക്ക് എഫ് 16 വിമാനങ്ങൾ ലിത്വാനിയയിലേക്ക് അയയ്ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സ്പെയിൻ നാല് ഫൈറ്റർ വിമാനങ്ങൾ ബൾഗേറിയയിലേക്ക് അയച്ചു കഴിഞ്ഞു. അതോടൊപ്പം അവരുടേ മൂന്ന് യുദ്ധക്കപ്പലുകൾ കരിങ്കടലിൽ നാറ്റോ സേനയോടൊപ്പം ചേരും.
മറുനാടന് മലയാളി ബ്യൂറോ