ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി. വിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്ന ഉത്തർ പ്രദേശ് മുന്മന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി. എംപി. കമലേഷ് പാസ്വാൻ. തിരഞ്ഞെടുപ്പിൽ ടിക്കറ്റിനു വേണ്ടി മൗര്യ, ബിജെപിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്നും പാർട്ടി നേതൃത്വം വഴങ്ങില്ലെന്നും പാസ്വാൻ പറഞ്ഞു. ഉത്തർ പ്രദേശിലെ പ്രമുഖ ഒ.ബി.സി. നേതാവാണ് മൗര്യ. കഴിഞ്ഞമാസമാണ് ഇദ്ദേഹം ബിജെപി. വിട്ട് എസ്‌പിയിൽ ചേർന്നത്.

കുടുംബത്തിലെ ചില അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരത്തിനായി ബിജെപിയെ മൗര്യ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു. എന്നാൽ പാർട്ടി ഇതിന് വഴങ്ങാതിരുന്നതോടെ മൗര്യ മറ്റൊരു പാർട്ടിയിൽ ചേരുകയായിരുന്നെന്നും പാസ്വാൻ ആരോപിച്ചു.

സ്വാമി പ്രസാദ് മൗര്യ മൂന്നുവട്ടം എംഎ‍ൽഎ. ആയിട്ടുണ്ട്. മറ്റാരും പരിഗണിക്കാതിരുന്നപ്പോൾ ബിജെപി. അദ്ദേഹത്തിന് ആദരവ് നൽകി. അദ്ദേഹത്തെ ക്യാബിനറ്റ് മന്ത്രിയാക്കി. എന്നാൽ അത്യാഗ്രഹം മൂത്ത് അദ്ദേഹം മറ്റൊരു പാർട്ടിയിൽ ചേർന്നു. അദ്ദേഹത്തെ കുറിച്ച് അധികമൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ മാർച്ച് പത്തിനു ശേഷം അദ്ദേഹത്തിന്റെ വിധി മാറാൻ പോവുകയാണ്- പാസ്വാൻ പറഞ്ഞു.

എസ്‌പിയിലെത്തിയ മൗര്യ, ഇക്കുറി കുശിനഗറിലെ ഫാസിൽനഗർ മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുന്നത്. 2008 മുതൽ പഡ്രോന മണ്ഡലത്തിൽനിന്നുള്ള എംഎ‍ൽഎ. ആയിരുന്നു മൗര്യ.

ഏഴുഘട്ടമായി നടക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഫെബ്രുവരി പത്തു മുതലാണ്. 403 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്റെ അവസാനഘട്ടം മാർച്ച് ഏഴിന് നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.