- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകരോട് നീതി കാണിക്കാത്ത ബിജെപിയെ 'ശിക്ഷിക്കണം'; തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം). കർഷകരോട് നീതി കാണിക്കാത്ത ബിജെപിയെ 'ശിക്ഷിക്കണ'മെന്നാണ് എസ്.കെ.എം ജനങ്ങളോടാവശ്യപ്പെട്ടത്.
ഡൽഹിയിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് എസ്.കെ.എം നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. കർഷകരുടെ ന്യായമായ ആവശ്യങ്ങളെ പോലും അവഗണിച്ച് ബിജെപി സർക്കാർ അവരെ വഞ്ചിച്ചുവെന്നും എസ്.കെ.എം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ബിജെപിയെ തോൽപിക്കാനുറച്ച് 57 വിവിധ കർഷക സംഘടനകൾ രംഗത്തുണ്ടെന്നും അവർ പറഞ്ഞു. മറ്റേതെങ്കിലും പാർട്ടിയെ ജയിപ്പിക്കലല്ല, ബിജെപിയെ തോൽപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
'കർഷകരെയൊന്നാകെ വഞ്ചിച്ച ബിജെപിയെ ശിക്ഷിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ഉത്തർ പ്രദേശിലെ കർഷകരോട് അഭ്യർത്ഥിക്കുന്നു. സർക്കാർ നമുക്ക് തന്ന ഒരു വാഗ്ദാനങ്ങളും ഇനിയും പാലിച്ചിട്ടില്ല.
താങ്ങുവില ഉറപ്പാക്കുന്നതിന് ഒരു കമ്മിറ്റിയും ഇനിയും രൂപീകരിച്ചിട്ടില്ല. കർഷകർ തങ്ങളുടെ സമരം അവസാനിപ്പിച്ചിട്ടും അവർ ഇപ്രകാരമാണ് പ്രവർത്തിക്കുന്നത്,' എസ്.കെ.എം നേതാവും സ്വരാജ് ഇന്ത്യയുടെ അധ്യക്ഷനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു.
വരും ദിവസങ്ങളിൽ മീററ്റ്, കാൺപൂർ, ഗൊരഖ്പൂർ, സിദ്ധാർത്ഥനഗർ, ലഖ്നൗ എന്നിവിടങ്ങളിലടക്കം ഉത്തർ പ്രദേശിലെ ഒമ്പത് സ്ഥലങ്ങളിൽ പത്രസമ്മേളനം നടത്തുമെന്നും, കർഷകർക്കായി ലഘുലേഖകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താങ്ങുവിലയെ സംബന്ധിച്ച ഒരു കമ്മിറ്റി ഇനിയും രൂപീകരിച്ചിട്ടില്ലെന്നും, കർഷകർക്കെതിരായ കേസുകൾ ഇനിയും പിൻവലിച്ചിട്ടില്ലെന്നും എസ്.കെ.എം വ്യക്തമാക്കി.
അതേസമയം, തങ്ങൾ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പിന്തുണയ്ക്കുന്നില്ലെന്നും, തങ്ങളുടെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പോസ്റ്ററിലോ ക്യാമ്പെയ്നിലും ഉപയോഗിക്കരുതെന്നും ടികായത് വ്യക്തമാക്കിയരുന്നു. 403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിലായി ഏഴ് ഘട്ടമായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.




