ഇസ്ലാമാബാദ്: വ്യാഴാഴ്ച പാക്കിസ്ഥാനിലെ രണ്ട് സൈനിക ക്യാമ്പുകളിലായി നൂറിലധികം സൈനികരെ വധിച്ചതായി ബലൂചിസ്താൻ ലിബറേഷൻ ആർമി എന്ന സംഘടന അവകാശപ്പെട്ടു. പഞ്ച്ഗുർ, നുഷ്‌കി എന്നിവിടങ്ങളിലെ പാക് സൈനിക ക്യാമ്പുകൾക്ക് നേരെയാണ് ബലൂച് സൈന്യം ആക്രമണം നടത്തിയത്. ക്യാമ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്നടിഞ്ഞു.

2022 ഫെബ്രുവരി 3ന് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ, പാക്കിസ്ഥാനിലെ പഞ്ച്ഗൂർ, നുഷ്‌കി സൈനിക ക്യാമ്പുകളുടെ പ്രധാന ഭാഗങ്ങൾ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ബലൂചിസ്താൻ ലിബറേഷൻ ആർമി അവകാശപ്പെട്ടു. കച്ച് ജില്ലയിലെ ഒരു ചെക്ക്‌പോസ്റ്റിൽ നടന്ന ഭീകരാക്രമണത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ബലൂചിസ്താനിൽ ആക്രമണം ഉണ്ടാകുന്നത്.

സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പാക്കിസ്ഥാൻ മാധ്യമങ്ങളെ വിലക്കിയിട്ടുണ്ടെന്നും ആശയവിനിമയോപാധികൾ വിച്ഛേദിച്ചിട്ടുണ്ടെന്നും ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. ആക്രമണത്തിന് തിരിച്ചടി നൽകിയതായി പാക്കിസ്ഥാൻ ആംഡ് ഫോഴ്‌സിന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് നടത്തിയ അവകാശവാദം തെറ്റാണെന്നും അവർ വ്യക്തമാക്കി.