തിരുവനന്തപുരം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വെറ്റിനറി ഡോക്ടർ കിഷോർ കുമാർ ജനാർദ്ദനൻ. അഡ്വ. ഹരീഷ് വാസുദേവൻ ഉന്നയിച്ച വിമർശനങ്ങൾക്കാണ് ഡോ. കിഷോർ കുമാർ ജനാർദ്ദനൻ പ്രതികരിച്ചത്.

'വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പുപിടുത്തം, പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് 'ഒരാൾക്ക് ആ പണി അറിയാം' എന്നു നാം പറയുക. വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി ഈ ജോലി ചെയ്യാൻ പഠിക്കണം, അല്ലെങ്കിൽ അത് നിർത്തണം'. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം ഹരീഷ് പറഞ്ഞത്.

ഏതു യൂണിവേഴ്‌സിറ്റി ആണ് പാമ്പുപിടിക്കുന്നതിൽ മാസ്റ്റേഴ്‌സ് പി എച്ച് ഡി ഒക്കെ കൊടുക്കുന്നതെന്ന് തന്റെ കുറിപ്പിൽ ഡോ. കിഷോർ കുമാർ ചോദിക്കുന്നു. ധാരാളം സ്‌നേക്ക് ഹാൻഡ്ലേഴ്സിനെ വൈൽഡ് ലൈഫ് ജോലിക്കിടെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. പലർക്കും പല ശൈലികൾ. ചിലർ വളരെ സേഫ് ആയി പിടിക്കും. പിടിക്കാൻ പറ്റിയില്ലെങ്കിൽ വിടുന്നവരും ഉണ്ട്. ശരിയും തെറ്റും ഒക്കെ ഇവിടെ ആപേക്ഷികം മാത്രം. ജനകൂട്ടവും മൊബൈൽ കണ്ണുകളും കുറയുന്നത് ഈ ജോലി എടുക്കുന്നവരുടെ ജീവൻ അപകടത്തിൽ ആകുന്നതിന്റെ സാധ്യത കുറയ്ക്കുമെന്ന് ഡോ. കിഷോർ കുമാർ ജനാർദ്ദനൻ പറഞ്ഞു.

'വാവയെ പരിചയമുണ്ട്. അദ്ദേഹത്തെ വിമർശനങ്ങൾ ബാധിക്കുന്നതായി തോന്നിയിട്ടേ ഇല്ല. 'പഠിപ്പിന്റെ ' കുറവും 'ക്ലാസ്സിന്റെ ' കുറവും പലരും അദ്ദേഹത്തിനെതിരെ എടുത്തു പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ ചെറിയ മണ്ടത്തരങ്ങൾ പറയുന്നതും ചെയ്യുന്നതും കണ്ടിട്ടുണ്ട്. പാമ്പുപിടുത്തം അയാൾക്ക് ഹരമാണ്. ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വന്നാൽ അയാൾ അത് ചെയ്തുകൊണ്ടേ ഇരിക്കും. അയാൾക്ക് ചുറ്റും ജനങ്ങൾ കൂടും, മൊബൈലുകൾ കണ്ണ് തുറക്കും, ആരവങ്ങൾ ഉണ്ടാകും. വാവ സുരേഷ് ലോകമറിയുന്ന പാമ്പിനെ പിടിക്കാൻ കഴിവുള്ള ഒരാളാണ്. അയാൾ റിസ്‌ക് എടുത്തുകൊണ്ടേ ഇരിക്കും. അയാളൊരു പൊതു വികാരമാണ്. ഭൂരിഭാഗം ആൾകാർക്കും ഒരു രക്ഷകനാണ്, അതു കൊണ്ടാണല്ലോ ഇപ്പോൾ രാഷ്ട്രീയകാരും, മാധ്യമ പ്രവർത്തകരും ജനങ്ങളുമൊക്കെ അദ്ദേഹത്തിന് ചുറ്റും തടിച്ചു കൂടുന്ന'തെന്നും ഡോക്ടർ കിഷോർ കുമാർ ജനാർദ്ദനൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണ രൂപം:

എല്ലാ സെലിബ്രിറ്റികൾക്കും കാണും കുറെ 'ഊള' ഫാൻസ് മിസ്റ്റർ Hareesh Vasudevan. 'ക്ലാസ്സ് ഊളകളും' 'ക്ലാസ്സില്ലാത്ത ഊളകളും' എന്ന വ്യത്യാസം മാത്രം. വിമർശനങ്ങളും അഭിപ്രായം ആർക്കും ആകാം, പക്ഷെ ഒന്നും അറിയാത്ത ഒരു മേഖലയിൽ ആധികാരികമായ ചില പ്രസ്താവനകൾ നടത്തുമ്പോൾ ചിലപ്പോഴെങ്കിലും നിങ്ങൾ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞു അറ്റെൻഷൻ വാങ്ങാൻ ശ്രമിക്കുക അല്ലെ എന്ന് തോന്നും. നിങ്ങൾ എഴുത്തും വർത്തമാനവും കൊണ്ട് കയ്യടി നേടുന്നു, വാവ സുരേഷ് അയാളുടെ പാമ്പുപിടുത്തം കൊണ്ട് കയ്യടി നേടുന്നു.

ലോകത്തിൽ റിസ്‌ക് കൂടുതൽ ഉള്ളതും കുറവുള്ളതുമായ ജോലികൾ ഉണ്ട്. ഞാൻ ഒരു വെറ്റിനറി ഡോക്ടർ ആണ്. ഞാൻ ഗവണ്മെന്റ് vet ആയും, വൈൽഡ് ലൈഫ് vet ആയും, പെറ്റ് പ്രാക്ടീഷനെർ ആയും ജോലി ചെയ്തിട്ടുണ്ട്. പശുവിന്റെ ചവിട്ട്, നായ്ക്കളുടെ കടി, പൂച്ചയുടെ കടി മാന്ത് കടുവയുടെ ആക്രമണം (അത് അത്ര സുഖമുള്ളതാവില്ല )വരെ കിട്ടാൻ സാധ്യത ഉള്ള കർമമേഖല. എന്റെ സീനിയർ ആയിരുന്ന ഡോ. സി. ഗോപകുമാർ സാർ മരിച്ചത് ആനയുടെ ചവിട്ടേറ്റിട്ടാണ്. നല്ല വിദ്യാസമ്പന്നനും, പ്രഗത്ഭനായ ഡോക്ടറും ആയിരുന്നു. ജോലിയുടെ ഇടയിൽ ആനയുടെ ചവിട്ടേറ്റ് മരണം. ചില കാര്യങ്ങൾ അങ്ങനെ ആണ് മിസ്റ്റർ Hareesh Vasudevan. അതിനെ സൂക്ഷ്മത കുറവെന്നോ എടുത്ത് ചാട്ടമെന്നോ പറഞ്ഞു ഇഴ കീറി പരിശോധിക്കട്ടെ. പക്ഷെ, അല്പം ഔചിത്യം ആകാം. അതീവ റിസ്‌ക് നിറഞ്ഞ ജോലി ചെയ്യുമ്പോൾ ഒരിക്കലും സംഭവിക്കരുതേ എന്ന് നമ്മൾ ആഗ്രഹിക്കുന്ന ഒരു കാര്യം നിർഭാഗ്യവശാൽ സംഭവിക്കുന്നു.

ഞാൻ വൈൽഡ്‌ലൈഫിൽ ജോലിക്ക് പ്രവേശിക്കുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു, രണ്ടോ മൂന്നോ വർഷത്തിൽ കൂടുതൽ ഇതിൽ നിൽക്കരുതെന്ന്. കാരണം ആര് വിളിച്ചാലും ഞാൻ ചാടി ഇറങ്ങും. ആദ്യം ഒരു കാട്ടു പൂച്ചയെ പിടിക്കും, പിന്നെ ഒരു പുലിയെ കൂട്ടിലാക്കും, പിന്നീട് കടുവയെ. ഇവിടെ ഭയം എന്ന വികാരം പൊഴിയുകയാണ്. മുന്നോട്ടു പോകുംതോറും റിസ്‌കുകൾ കൂടുതൽ ആകാം, എന്തും സംഭവിക്കാം. Steve Irvin ഒരു ഉദാഹരണം മാത്രം.

പിന്നെ പാമ്പിന്റെ ലൈഫ്, വേദന. ഏതെങ്കിലും പാമ്പ് പറഞ്ഞിട്ടുണ്ടോ വാവ പിടിക്കുമ്പോൾ വേദന കൂടുതലാണെന്ന്. കൂടുതൽ സേഫ് ആയി പിടിക്കാൻ ഉപയോഗിക്കുന്ന nsare, വടി, nsake tongs ഒക്കെ വേദന കൂട്ടുന്നതല്ലേ ( ഇവയൊക്കെ ഉപയോഗിക്കുന്നതാണ് പിടിക്കുന്ന ആൾക്ക് നല്ലത് ). കുറെ അധികം പ്രസ്താവനകൾ കണ്ടു ശാസ്ത്രീയമായി അല്ല പിടിക്കുന്നത് എന്ന്. ഏതു യൂണിവേഴ്‌സിറ്റി ആണ് പാമ്പുപിടിക്കുന്നതിൽ മാസ്റ്റേഴ്‌സ് phd ഒക്കെ കൊടുക്കുന്നത്? ധാരാളം nsake ഹാൻഡ്ലേഴ്സിനെ വൈൽഡ് ലൈഫ് ജോലിക്കിടെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. പലർക്കും പല ശൈലികൾ. ചിലർ വളരെ സേഫ് ആയി പിടിക്കും. പിടിക്കാൻ പറ്റിയില്ലെങ്കിൽ വിടുന്നവരും ഉണ്ട്. ശരിയും തെറ്റും ഒക്കെ ഇവിടെ ആപേക്ഷികം മാത്രം. ജനകൂട്ടവും മൊബൈൽ കണ്ണുകളും കുറയുന്നത് ഈ ജോലി എടുക്കുന്നവരുടെ ജീവൻ അപകടത്തിൽ ആകുന്നതിന്റെ സാധ്യത കുറയ്ക്കും.

വാവയെ പരിചയമുണ്ട്. അദ്ദേഹത്തെ വിമർശനങ്ങൾ ബാധിക്കുന്നതായി തോന്നിയിട്ടേ ഇല്ല. 'പഠിപ്പിന്റെ ' കുറവും 'ക്ലാസ്സിന്റെ ' കുറവും പലരും അദ്ദേഹത്തിനെതിരെ എടുത്തു പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ ചെറിയ മണ്ടത്തരങ്ങൾ പറയുന്നതും ചെയ്യുന്നതും കണ്ടിട്ടുണ്ട്. പാമ്പുപിടുത്തം അയാൾക്ക് ഹരമാണ്. ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വന്നാൽ അയാൾ അത് ചെയ്തുകൊണ്ടേ ഇരിക്കും. അയാൾക്ക് ചുറ്റും ജനങ്ങൾ കൂടും, മൊബൈലുകൾ കണ്ണ് തുറക്കും, ആരവങ്ങൾ ഉണ്ടാകും. വാവ സുരേഷ് ലോകമറിയുന്ന പാമ്പിനെ പിടിക്കാൻ കഴിവുള്ള ഒരാളാണ്. അയാൾ റിസ്‌ക് എടുത്തുകൊണ്ടേ ഇരിക്കും. അയാളൊരു പൊതു വികാരമാണ്. ഭൂരിഭാഗം ആൾകാർക്കും ഒരു രക്ഷകനാണ്, അതു കൊണ്ടാണല്ലോ ഇപ്പോൾ രാഷ്ട്രീയകാരും, മാധ്യമ പ്രവർത്തകരും ജനങ്ങളുമൊക്കെ അദ്ദേഹത്തിന് ചുറ്റും തടിച്ചു കൂടുന്നത്. എനിക്ക് നിങ്ങളെ ഇഷ്ടമാണ് വാവ. എത്രയും വേഗം സുഖമായി തിരിച്ചുവരൂ
സ്‌നേഹത്തോടെ
Dr Kishorekumar Janardhanan