വീട്ടുവളപ്പിൽ കയറിയ മൂർഖൻ പാമ്പിനെ കൂസലില്ലാതെ പിടിച്ച് ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥ. തിരുവനന്തപുരം ആര്യനാട് കുളപ്പട സ്വദേശിനി ജി. എസ്. രോഷ്ണിയാണ് പത്തി വിടർത്തി നിന്ന പാമ്പിനെ അനായാസം പിടികൂടിയത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി.

വെള്ളനാട് പുനലാൽ ഐസക്കിന്റെ വീട്ടു വളപ്പിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെ മൂർഖനെ കണ്ട വിവരം പരുത്തിപ്പള്ളി റേഞ്ച്ഓഫീസിൽ അറിയിച്ചത്. ഉടൻ തന്നെ റാപിഡ് റസ്‌പോൺസ് ടീമിലെ ബീറ്റ് ഓഫിസർ രോഷ്‌നി സ്ഥലത്തുകയും പാമ്പിനെ നിഷ് പ്രയാസം പിടിക്കുകയും ചെയ്തു. ഇപ്പോൾ പാമ്പുകളുടെ പ്രജനനകാലമായതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും രോഷ്ണി വിശദീകരിച്ചു.

പിടികൂടിയ പാമ്പിനെ വൈകിട്ടോടെ വനത്തിനുള്ളിലേക്ക് വിട്ടു. 2017 ലാണ് രോഷ്ണിക്ക് നിയമനം ലഭിച്ചത്. 2019 ൽ പാമ്പുപിടിത്തത്തിൽ പരിശീലനം നേടി. അതുവരെ ഇക്കോ ടൂറിസം ചുമതലയിലായിരുന്നു. ചൂടുകാലമായതിനാലും, പാമ്പുകളുടെ പ്രജനന കാലം ആയതിനാലും നാട്ടിൻ പ്രദേശങ്ങളിൽ ഇപ്പോൾ ധാരാളം പാമ്പുകളെ കണ്ടു വരാറുണ്ടെന്ന് രോഷ്ണി പറയുന്നു. വനംവകുപ്പിൽ ജോലി ലഭിക്കുന്നതിന് മുമ്പ് ദൂരദർശനിലും ആകാശവാണിയിലും അവതാരകയായിരുന്നു രോഷ്‌നി. സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ എസ് എസ് സജിത്കുമാറാണ് ഭർത്താവ്. ദേവനാരായണൻ ,സൂര്യ നാരായണൻ എന്നിവർ മക്കളും.