- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലരും എന്നോടു നേരിട്ടും വിവാഹത്തെക്കുറിച്ചു ചോദിക്കുന്നു; എല്ലാവരെയും വിളിച്ചുകൂട്ടി ഞാൻ വിവാഹിതയാകുകയാണ് എന്നു പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല; അങ്ങനെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കാണു തെറ്റ് പറ്റിയത്; മകനെ മനുഷ്യനാക്കി വളർത്തും; നുസ്രത് ജഹാൻ നയം പറയുമ്പോൾ
കൊൽക്കത്ത: മകൻ യിഷാനെ എങ്ങനെ വളർത്തണം എന്നതിനക്കുറിച്ച് വ്യക്തമായ ആശയങ്ങളുണ്ട് നുസ്രത് ജഹാന്. അതിനൊപ്പം വ്യക്തി ജീവിതത്തിലെ സ്വാതന്ത്ര്യത്തെ കുറിച്ചു. വിവാഹിതയാണോ അല്ലയോ എന്ന് പൊതു സമൂഹത്തോട് അതുകൊണ്ട് തന്നെ അവർ വെളിപ്പെടുത്തില്ല. അക്കാര്യം തൽകാലം രഹസ്യമാക്കി സൂക്ഷിക്കാനാണ് തീരുമാനം. കൊൽക്കത്തയിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിയും നടിയും മോഡലുമായ നുസ്രത് ജഹാന് അങ്ങനെ വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് നുസ്രത്ത് യിഷാനു ജന്മം നൽകിയത്. മകന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരായി നടൻ യാഷ് ദാസ് ഗുപ്തയുടെ പേരാണു രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തേ വിവാഹിതയായ നുസ്രത്തിന്റെ യാഷുമായുള്ള ബന്ധവും പിന്നിടുള്ള പ്രസവവുമെല്ലാം ചർച്ചയായി. ഇപ്പോഴും വിവാഹിതയാണോ എന്ന് മാത്രം അവർ വെളിപ്പെടുത്തുന്നില്ല. എന്നാൽ മകനെ മനുഷ്യനാക്കി വളർത്തുമെന്ന് സമൂഹത്തിന് വാക്കും നൽകുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പുതിയ ചർച്ചകളാണ് നുസ്രത്ത് ഉയർത്തി വിടുന്നത്.
'യിഷാനെ ഞങ്ങൾ നല്ല മനുഷ്യനാക്കി വളർത്തും. ഞാൻ മുസ്ലിം ആണ്. പങ്കാളിയും നടനുമായ യാഷ് ദാസ് ഗുപ്ത ഹിന്ദുവാണ്. രണ്ടു മതങ്ങളുടെയും നല്ല വശങ്ങൾ പഠിച്ചായിരിക്കും മകൻ വളരുന്നത്. മനുഷ്യത്വമായിരിക്കും അവനെ ഞങ്ങൾ പഠിപ്പിക്കുക. ഞാനും യാഷും തുറന്ന മനസ്സുള്ളവരാണ്. ഇരുമതങ്ങളുടെയും ആചാരങ്ങളും ആഘോഷങ്ങളും മുടക്കാറില്ല. ദീപാവലി, ദുർഗാപൂജ, ഈദ്, ക്രിസ്മസ് തുടങ്ങി എല്ലാം ഞങ്ങൾ ആഘോഷിക്കും. യിഷാനു ഞങ്ങൾ കൈമാറാൻ പോകുന്നത് യഥാർഥ മതേതര ഇന്ത്യയുടെ സന്ദേശമായിരിക്കും. മതേതര സംസ്‌കാരം ഉൾക്കൊണ്ട് യിഷാൻ വളരും എന്നാണു ഞങ്ങളുടെ പ്രതീക്ഷ.'നുസ്രത്ത് പറയുന്നു.
'വിവാഹം എന്നതിനെക്കുറിച്ച് എന്തിനാണ് എപ്പോഴും ആളുകൾ ഇത്രമാത്രം ആവേശത്തോടെ സംസാരിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. പലരും എന്നോടു നേരിട്ടും വിവാഹത്തെക്കുറിച്ചു ചോദിക്കുന്നു. എല്ലാവരെയും വിളിച്ചുകൂട്ടി ഞാൻ വിവാഹിതയാകുകയാണ് എന്നു പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കാണു തെറ്റ് പറ്റിയത്. വ്യക്തിജീവിതത്തെക്കുറിച്ച് പരസ്യമായി വിശദീകരിക്കുന്നില്ല എന്നത് എന്റെ സ്വാതന്ത്ര്യമാണ്. പ്രായപൂർത്തിയായ രണ്ടു പേർ വിവാഹിതരാണെങ്കിൽ അക്കാര്യം അവർക്ക് അറിയുമായിരിക്കുമല്ലോ. അവർ അക്കാര്യത്തിൽ സന്തോഷമുള്ളവരാണെങ്കിൽ സമൂഹം എന്തിനാണ് കൂടുതൽ കാര്യങ്ങൾ ചികയാൻ ചെല്ലുന്നത്-എന്നാണ് അവർക്ക് ചോദിക്കാനുള്ളത്.
വാർത്തകളോട് സംയമനത്തോടു പ്രതികരിച്ച നുസ്രത്ത് ഭാവി പദ്ധതികളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും കഴിഞ്ഞ ദിവസം വ്യക്തമാക്കി.കുട്ടി ജനിച്ച പശ്ചാത്തലത്തിൽ യാഷുമായി ഇനിയെങ്കിലും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാനാകുന്ന മറുപടിയാണ് നടി നൽകിയത്. രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും എംപി എന്ന നിലയിലുമുള്ള അനുഭവങ്ങളെക്കുറിച്ചും നടി മനസ്സു തുറന്നു. 'എംപി എന്താണോ ചെയ്യേണ്ടത് അത് ഞാൻ ചെയ്യുന്നുണ്ട്. അതെന്റെ ഉത്തരവാദിത്വമാണ്. മണ്ഡലത്തിലെ ജനങ്ങളെ ഞാൻ പോയി കാണാറുണ്ട്. പാർട്ടി എനിക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. അഭിനയവും രാഷ്ട്രീയവും ഒത്തുകൊണ്ടുപോകുക പ്രയാസം തന്നെയാണ്. എന്നാൽ എല്ലാ കാര്യങ്ങളും ഞാൻ ആസ്വദിച്ചുചെയ്യുന്നു.'
ശശി തരൂർ എംപി യുടെ സെൽഫി ചിത്രത്തിൽ ഉൾപ്പെട്ടതിനെക്കുറിച്ചും അതേക്കുറിച്ചുണ്ടായ വിവാദങ്ങളെക്കുറിച്ചും പറയാനും നടി മടി കാണിക്കുന്നില്ല. മിമി ചക്രവർത്തി എംപിയുടെ ഫോണിലാണ് ആ ചിത്രമെടുത്തത്. എന്നാൽ, ചിലരൊക്കെ മോശം കമന്റ്‌സ് ഇട്ടിരുന്നു. എന്തു നല്ല കാര്യത്തെയും തെറ്റായി കാണുന്നതാണു പ്രശ്നം. ശശി തരൂർ പരിഹസിക്കപ്പെടേണ്ട രാഷ്ട്രീയ നേതാവാണ് എന്നു തോന്നുന്നില്ലെന്നും അവർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ