- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവനയ്ക്കും സംയുക്ത വർമയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഗീതു മോഹൻദാസ്; ഏറ്റെടുത്ത് ആരാധകർ; കമന്റുമായി നടി വിമല രാമൻ അടക്കമുള്ള താരങ്ങൾ
കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രിയും ഡോക്യുമെന്ററി, ചലച്ചിത്ര സംവിധായകയുമായ ഗീതു മോഹൻദാസ് പങ്കുവച്ച ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളായ സംയുക്ത വർമ്മയും ഭാവനയുമാണ് ചിത്രത്തിലുള്ളത്. നടി വിമല രാമൻ അടക്കമുള്ള താരങ്ങൾ ചിത്രത്തിനു കമന്റുകളുമായെത്തിയിട്ടുണ്ട്.
മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, ഭാവന, സംയുക്താ വർമ്മ, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവർ സിനിമാ മേഖലയിലെ പകരം വയ്ക്കാനാകാത്ത സൗഹൃദത്തിന് ഉടമകളാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ വളരെ അപൂർവമായി മാത്രമേ ഇവർ എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കാണാറുള്ളൂ.
എന്നിരുന്നാലും ഏതെങ്കിലും അവസരത്തിൽ ഒന്നിച്ചു കൂടാൻ ലഭിക്കുന്ന അവസരങ്ങളൊന്നും ഈ അടുത്ത സുഹൃത്തുക്കൾ നഷ്ടപ്പെടുത്താറില്ല. ഒരിടവേളയ്ക്ക് ശേഷമാണ് ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, ഭാവന എന്നിവർ ഒരുമിച്ചുള്ള ചിത്രം പുറത്തുവരുന്നത്.
വിശേഷ ദിവസങ്ങളിൽ ഇവർ ഒന്നിച്ചുള്ള ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്. ജന്മദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പുകളുമായിട്ടാണ് ഇവർ എത്താറുള്ളതും. ഭാവനയ്ക്കും സംയുക്ത വർമയ്ക്കും ഒപ്പമുള്ള ഫോട്ടോ ഇപ്പോൾ ഗീതു മോഹൻദാസ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത് താരങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്.
ഗീതു മോഹൻദാസ് ആദ്യം ബാലതാരമായിട്ടായിരുന്നു വെള്ളിത്തിരയുടെ ഭാഗമായത്. 'ഒന്ന് മുതൽ പൂജ്യം വരെ' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഗീതു മോഹൻദാസിന് ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. 'അകലെ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ഗീതു മോഹൻദാസിന് ലഭിച്ചു.
'കേൾക്കുന്നുണ്ടോ'യെന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഗീതു മോഹൻദാസ് സംവിധായികയായത്. 'ലയേഴ്‌സ് ഡയസെ'ന്ന ചിത്രം ഹിന്ദിയിലും ഗീതു മോഹൻദാസ് സംവിധാനം ചെയ്തു. 'ലയേഴ്‌സ് ഡയസ്' ചിത്രത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ഗീതാഞ്ജലി താപ്പയ്ക്കും മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് രാജീവ് രവിക്കും ലഭിച്ചിരുന്നു. 'മൂത്തോൻ' എന്ന ചിത്രമാണ് ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്.




