പനാജി: ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തിച്ചിരുന്നെങ്കിൽ തന്നേപ്പോലൊരാൾ രാഷ്ട്രീയത്തിൽ വരേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല കെജ്രിവാളിനെ 'ഛോട്ടാ മോദി''യെന്ന് പരിഹസിച്ചതിന് മറുപടിയുമായാണ് കെജ്രിവാൾ രംഗത്തെത്തിയത്.

അദ്ദേഹം എന്ത് വേണമെങ്കിലും പറയട്ടെയെന്നും അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്നും സുർജേവാലയുടെ പ്രസ്താവനയെ പരാമർശിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാൾ ചോദിച്ചു. സ്വപ്നത്തിൽ തന്നെയൊരു പ്രേതത്തെപ്പോലെയാണ് സുർജേവാല കാണുന്നത്. അദ്ദേഹത്തിന്റെ മനസിൽ 24 മണിക്കൂറും താനാണ്. കോൺഗ്രസ് നേതാക്കൾ തന്നെ ചീത്ത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നതിന് പകരം കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമായിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ കെജ്രിവാളിന്റെ ആവശ്യമില്ലായിരുന്നു. തങ്ങളുടെ പാർട്ടിയുടെ നല്ല പ്രവർത്തനം കൊണ്ടാണ് ആളുകൾ തന്റെ പാർട്ടിക്ക് വോട്ട് ചെയ്യുന്നതെന്നും കെജ്രിവാൾ പറഞ്ഞു.

ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ ചെയ്യുന്നത് പോലെ ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ സത്യവാങ്മൂലത്തിൽ ഒപ്പുവെക്കുന്നതിനേക്കുറിച്ചും കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുക്കുന്നതിനെ കുറിച്ചുമുള്ള ചോദ്യത്തിന് എഎപിയുടെ എല്ലാ നല്ല കാര്യങ്ങളും പകർത്താൻ കോൺഗ്രസിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി ഞങ്ങളുടെ നല്ല കാര്യങ്ങൾ പകർത്തട്ടെ. കോൺഗ്രസ് അധികാരത്തിലുള്ള രാജസ്ഥാൻ, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഞങ്ങളുടെ പദ്ധതികൾ നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.