പാലാ: വീട്ടിലെ ഭക്ഷണത്തിലും വെള്ളത്തിലും മരുന്നു കലർത്തി നൽകി ഭർത്താവിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസറ്റിൽ. ഭർത്താവിന്റെ പരാതിയിൽ മീനച്ചിൽ പാലാക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷ് (36) ആണ് അറസ്റ്റിലായത്. ഭാര്യയുടെ ചതി മനസ്സിലാക്കിയ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയും ഇപ്പോൾ പാലായിൽ താമസക്കാരനുമായ സതീഷ് ശങ്കർ (38) ആണു പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ പാലാ പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

കഴിഞ്ഞ ഏഴ് വർഷമായി ഇവർ ഭർത്താവിന് ഭക്ഷണത്തിൽ മരുന്നു കലർത്തി നൽകി വരികയായിരുന്നു, 2006 ലായിരുന്നു മുരിക്കുംപുഴ സ്വദേശിയായ ആശയുമായുള്ള സതീഷിന്റെ വിവാഹം നടന്നത്. 2008 മുതൽ സതീഷ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടിലായിരുന്നു താമസം. പിന്നീട് പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ മൊത്ത വിതരണക്കാരനായി. 2012ൽ പാലാക്കാട് സ്വന്തമായി വീടും സ്ഥലവും വാങ്ങി താമസം മാറി. വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞത് മുതൽ ഭാര്യ നിസാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്നത് പതിവായിരുന്നതായി യുവാവ് പറയുന്നു.

സതീഷിനു നാളുകളായി തളർച്ചയും ക്ഷീണവും ആയിരുന്നു. തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കണ്ടെങ്കിലും രക്തത്തിൽ പഞ്ചസാരയുടെ അളവ് താഴ്ന്നു പോയതാകാം കാരണമെന്നു കരുതി മരുന്ന് കഴിച്ചെങ്കിലും കുറഞ്ഞില്ല. എന്നാൽ 2021 സെപ്റ്റംബറിൽ 20 ദിവസം വീട്ടിൽ നിന്നു ഭക്ഷണം കഴിക്കാതെ പുറത്തു നിന്നു കഴിച്ചപ്പോൾ ക്ഷീണം തോന്നിയില്ല. ഇതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് സതീഷ് നടത്തിയ അന്വേഷണത്തിലാണ് ഞഎട്ടിക്കുന്ന സത്യം വെളിപ്പെട്ടത്.

ഇക്കാര്യം സതീഷ് ഭാര്യയുടെ കൂട്ടുകാരിയോടു പറയുകയും എന്തെങ്കിലും മരുന്ന് തരുന്നുണ്ടോയെന്നു ചോദിച്ചറിയണമെന്നു നിർദേശിക്കുകയും ചെയ്തു. തുടർന്നു കൂട്ടുകാരി ആശയോടു വിവരം തിരക്കിയപ്പോൾ 2015 മുതൽ ഭർത്താവിനു മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി പറഞ്ഞു. മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്കു ആശ വാട്‌സാപ്പിൽ അയച്ചു നൽകുകയും ചെയ്തു. തുടർന്ന് ഭർത്താവ് സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

തുടർന്നു ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തി നൽകുന്ന സിസി ടിവി ദൃശ്യങ്ങളടക്കം സതീഷ് ജില്ല പൊലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു. വീട് റെയ്ഡ് ചെയ്തു മരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾ യുവതിയെ സഹായിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സതീഷിന്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് രണ്ടു പെൺമക്കളുണ്ട്.


ജില്ലാ പൊലീസ് മേധാവി പരാതി പാലാ ഡിവൈ.എസ്‌പി ഷാജു ജോസിന് അയച്ചു കൊടുക്കുകയും പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പരാതി അന്വേഷിച്ച പൊലീസിന് കാര്യങ്ങൾ ബോധ്യപ്പെടുകയും ഭാര്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പാലാ ഡി.വൈ.എസ്‌പി.ഷാജു ജോസിന്റെ നേതൃത്വത്തിൽ പാലാ എസ് എച്ച് ഒ.കെ.പി.ടോംസൺ, എസ്.എ.അഭിലാഷ് എം.ഡി, എ.എസ്.എ ജോജൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുമേഷ്, വനിതാ പൊലീസ് ബിനുമോൾ, ലക്ഷ്മി രമ്യ തുടങ്ങിയവർ ചേർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.