ബെംഗളുരു: കർണാടകയിൽ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ കോളേജിൽ പ്രവേശിപ്പിക്കാത്തത് മുസ്ലിം വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിരാകരിക്കലാണെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. മനുഷ്യത്വരഹിതവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്.

'ഹിജാബ് വർഷങ്ങളായി മുസ്ലിം വിദ്യാർത്ഥിനികളുടെ വസ്ത്രധാരണത്തിന്റെ ഭാഗമാണ്. വിദ്യാർത്ഥികൾ കാവി നിറത്തിലുള്ള ഷോൾ ധരിച്ച് കോളേജിലെത്തുന്നത് അടുത്തിടെ തുടങ്ങിയ പതിവാണ്. അത് നേരത്തെയുണ്ടായിരുന്നോ. അത് രാഷ്ട്രീയ പ്രേരിതമാണ്. സർക്കാർ വ്യക്തമാക്കണം.' സിദ്ധരാമയ്യ പറഞ്ഞു.

ഹിജാബ് ധരിച്ച വിജ്യാർഥിനികൾക്ക് കോളേജിൽ പ്രവേശനം നിഷേധിച്ച വിഷയം നിയമസഭയിലും ഉയർത്തുമെന്ന് സിദ്ദാരാമയ്യ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. കർണാടകയിലെ കുന്ദപ്പുരയിലെ ബന്ധർക്കാസ് കോളേജിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ കോളേജിൽ പ്രവേശിപ്പിക്കുന്നതിന് അധികൃതർ തയ്യാറായിരുന്നില്ല. പിന്നാലെ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു.

ഒരു മാസമായി കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തിൽ ആദ്യമായാണ് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ് പ്രതികരിക്കുന്നത്.

ബിജെപി സർക്കാറാണ് ഈ വിഷയത്തെ ഇത്രയേറെ വഷളാക്കിയതെന്നും സിദ്ധരാമയ്യ ആരോപിച്ചു. ഒരു മാസമായി നടന്നുകൊണ്ടിരിക്കുന്ന തർക്കത്തിൽ സർക്കാർ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ഫെബ്രുവരി എട്ടിന് ഈ വിഷയത്തിൽ ഹൈക്കോടതി വാദം കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.