പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മറ്റു കക്ഷികൾ മത്സരരംഗത്തില്ലെന്നും അവർക്ക് വോട്ട് നൽകി നഷ്ട്ടപ്പെടുത്തരുതെന്നും രാഹുൽ ഗാന്ധി ആംആദ്മി പാർട്ടിയെ പരോക്ഷമായി സൂചിപ്പിച്ച് വ്യക്തമാക്കി.

ഗോവയിൽ ബിജെപിക്ക് ബദൽ എഎപി എന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിനാണ് രാഹുൽഗാന്ധി മറുപടി നൽകിയത്. കോൺഗ്രസിനും ബിജെപിക്കുമിടയിലാണ് മത്സരം നടക്കുന്നത്. മറ്റുള്ളവർക്ക് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുത് എന്ന് ഗോവയിലെ ജനങ്ങളോട് രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസിന് വോട്ട് നൽകി വഞ്ചിക്കപ്പെടരുതെന്ന് നേരത്തെ എഎപി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാൾ വോട്ടർമാരോട് ആഹ്വാനം ചെയ്തിരുന്നു. കോൺഗ്രസ് ജയിച്ചുകയറിയാൽ എംഎൽഎമാർ ബിജെപിയിലേക്ക് കളംമാറി ചവിട്ടുമെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് രാഹുലിന്റേത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണ വേളയിലാണ് രാഹുലിന്റെ പ്രതികരണം.

കോവിഡ് കൈകാര്യം ചെയ്യുന്നതു മുതൽ ടൂറിസം വരെയുള്ള സമഗ്രമേഖലയിലും ബിജെപി സർക്കാർ പൂർണ്ണ പരാജയമാണെന്ന് രാഹുൽ വിമർശിച്ചു. കോൺഗ്രസ് ഗോവയിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തുമെന്ന് രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതുമുഖങ്ങൾക്ക് പാർട്ടി ടിക്കറ്റ് നൽകിയത് ഗുണം ചെയ്യുമെന്ന് രാഹുൽ ചൂണ്ടിക്കാണിച്ചു.

ഗോവയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കും. വോട്ടർമാരുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ജനങ്ങളെ കോൾക്കുന്ന ഒരു സർക്കാരിന് വേണ്ടി വോട്ട് ചെയ്യൂ എന്നാണ് തനിക്ക് പറയാനുള്ളത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.പിന്നിൽ നിന്ന് കുത്തിയവർക്കും ചതിക്കുന്നവർക്കും ഇത്തവണ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിട്ടില്ല. പുതിയ ആളുകൾക്കാണ് ടിക്കറ്റ് നൽകിയിരിക്കുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസിന്റേയും ഗോവ ഫോർവേഡ് ബ്ലോക്കിന്റേയും നാൽപ്പത് സ്ഥാനാർത്ഥികളും ഒന്നിച്ചു നിൽക്കുമെന്ന് രാഹുലിന്റെ സാന്നിധ്യത്തിൽ പ്രതിജ്ഞയെടുത്തതായി പത്രകുറിപ്പിൽ പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 14ന് തെരഞ്ഞെടുപ്പ് നേരിടുന്ന ഗോവയിൽ എഎപിയും മത്സരംഗത്ത് പ്രവേശിച്ചതോടെ ത്രികോണ മൽസരത്തിന് വഴിയൊരുങ്ങിയതായാണ് റിപ്പോർട്ട്.മാർച്ച് 10നാണ് വോട്ടെണ്ണൽ.