കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ 2022 ലെ ഡയറിയിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അയിത്തം കൽപ്പിച്ച് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ്. സംസ്ഥാനത്തെ 17 സർവകലാശാലകളുടെയും പേരും വിശദാംശങ്ങളും നൽകിയിട്ടും ഇടതു സർക്കാർ തന്നെ കൊണ്ടുവന്ന കൊല്ലം കേന്ദ്രമായി കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു സർവകലാശാലയെ ഒഴിവാക്കിയത് ബോധപൂർവമാണ്. 2020 ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സർവകലാശാലയുടെ പേര് 2021 ലെ സർക്കാർ ഡയറിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

അന്ന് ഡയറി നേരത്തെ അച്ചടിച്ചു എന്ന വിശദീകരണമാണ് സർക്കാർ നടത്തിയതെങ്കിൽ ഇത്തവണയും അയിത്തം കൽപ്പിച്ചിരിക്കുന്നത് വളരെ ആസൂത്രിതമാണ്. റിപ്പബ്ലിക് ദിനപരേഡിൽ ശ്രീനാരായണ ഗുരുവിന്റെ ചിത്രം വെച്ച നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച കേന്ദ്ര ബിജെപി സർക്കാരിന്റെ അതേ മാനസീകാവസ്ഥയാണ് ശ്രീനാരായണ ഗുരുവിനോട് സംസ്ഥാന സർക്കാരിനും. നവോത്ഥാന വായ്ത്താരി പാടി പിന്നാക്ക സമൂഹങ്ങളെ വോട്ട് ബാങ്കായി നിലനിർത്തുകയും ചാതുർവർണ്യ മനസ്ഥിതിയോടെ പരിഗണിക്കുകയും ചെയ്യുന്ന ഇടതുസർക്കാരിന്റെ കാപട്യനിലപാട് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്. ശ്രീനാരായഗുരു സർവകലാശാലയുടെ പേര് സർക്കാർ ഡയറിയിൽ ഉൾപ്പെടുത്തി പുനപ്രസിദ്ധീകരിക്കണമെന്നും ഇത്തരം കുടില ബുദ്ധി ഔദ്യോഗിക മേഖലകളിൽ പ്രാവർത്തിക്കുകയും ചെയ്യുന്നവരെ നിയമനത്തിനുമുമ്പിൽ കൊണ്ടുവരണമെന്നും പി ആർ സിയാദ് ആവശ്യപ്പെട്ടു.