ന്യൂഡൽഹി: പത്രിക സമർപ്പിക്കാൻ കളക്ടറേറ്റിലേക്ക് ഓടിക്കയറിയെത്തി ഉത്തർപ്രദേശിലെ കായിക മന്ത്രി. തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കാനുള്ള അവസാന സമയം പൂർത്തിയാകാൻ നിമിഷങ്ങൾ ബാക്കി നിൽക്കേയാണ് കായിക മന്ത്രി ഉപേന്ദ്ര തിവാരി അത്‌ലറ്റുകളെ വെല്ലുന്ന തരത്തിൽ ഓടിയെത്തി പത്രിക സമർപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

യുപിയിലെ ഫെഫ്ന നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് ഉപേന്ദ്ര തിവാരി. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിവരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയം. അതിന് തൊട്ടുമുൻപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നിന്ന് ഉപേന്ദ്ര തിവാരി ബല്ലിയ കളക്റ്റ്രേറ്റിലെ പ്രധാന കവാടത്തിൽ നിന്ന് നോമിനേഷൻ ഹാളിലേക്ക് ഓടുകയായിരുന്നു. ഫെബ്രുവരി പത്തിനാണ് ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.