മുംബൈ: മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്കും കാരണം നഗരത്തിലെ ഗതാഗതക്കുരുക്കാണെന്ന അമൃത ഫഡ്‌നാവിസിന്റെ അഭിപ്രായ പ്രകടനത്തെ പരിഹസിച്ച് നിരവധി പേർ. ഗതാഗതക്കുരുക്ക് കാരണം പല ഭർത്താക്കന്മാർക്കും വീടുകളിൽ സമയം ചെലവഴിക്കാൻ ലഭിക്കുന്നില്ല, ഇത് വിവാഹമോചനങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ പറഞ്ഞത്. മാധ്യമപ്രവർത്തകരോടായിരുന്നു അമൃത ഫഡ്‌നാവിസിന്റെ അഭിപ്രായപ്രകടനം.

'മുംബൈയിലെ മൂന്ന് ശതമാനം വിവാഹ മോചനങ്ങൾക്കും കാരണം ട്രാഫിക് ജാമാണെന്ന കാര്യം നിങ്ങൾക്കറിയാമോ? അവർക്ക് സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്,' അമൃത ഫഡ്നാവിസ് പറഞ്ഞു. സംസ്ഥാനത്തെ റോഡുകളിലെ കുണ്ടും കുഴിയും കാരണം തനിക്കും ഏറെ ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെന്നും അവർ പറയുന്നു.

'ഞാൻ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയാണെന്ന കാര്യം വിട്ടേക്കൂ. ഒരു സ്ത്രീ എന്ന നിലയിലാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. റോഡിലെ കുണ്ടും കുഴിയും കാരണം നിങ്ങളെ പോലെ ഞാനും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്,' അമൃത ഫഡ്നാവിസ് പറഞ്ഞു. നിരവധി ആളുകളാണ് അമൃത ഫഡ്‌നാവിസിന്റെ അഭിപ്രായത്തെ പരിഹസിച്ച് ട്വിറ്ററിൽ രംഗത്തെത്തിയിരിക്കുന്നത്.

അമൃത ഫഡ്‌നാവിസിന്റെ അഭിപ്രായത്തെ പരിഹസിച്ച് ശിവസേന നേതാവ പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ രംഗത്തെത്തി. ഏറ്റവും മികച്ച (ഇൽ)ലോജിക്കിനുള്ള അവാർഡ് മുബൈയിലെ മൂന്ന് ശതമാനം ജനങ്ങൾ വിവാഹമോചനം തേടുന്നത് ഗതാഗതക്കുരുക്ക് കാരണം കൊണ്ടാണെന്ന് അവകാശപ്പെട്ട സ്ത്രീക്ക് നൽകണം. ബെംഗളൂരുവിലെ ജനങ്ങൾ ഇത് വായിക്കരുതെന്നും അത് നിങ്ങളുടെ വിവാഹജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും പ്രിയങ്ക ട്വിറ്ററിൽ പരിഹസിച്ചു.

നിങ്ങളുടെ സ്വബോധം നഷ്ടപ്പെടുന്നതിനേക്കാൾ മുമ്പ് ദയവായി നിങ്ങൾ ഒരു ദിവസം അവധിയെടുക്കൂ. ബെംഗളൂരിലെ ജനങ്ങൾ ദയവായി ഇത് വായിക്കരുത്, നിങ്ങളുടെ വിവാഹ ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കേണ്ടി വരും,' പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു. അമൃത ഫഡ്നാവിന്റെ പേര് പരാമർശിക്കാതെയാണ് പ്രിയങ്ക അവർക്കെതിരെ പരിഹാസവുമായെത്തിയത്.