- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ ചരൺജിത് സിങ്ങ് ഛന്നി കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം നാളെ ലുധിയാനയിൽ; തീരുമാനം, സിദ്ദുവിന്റെ എതിർപ്പ് മറികടന്ന്; സർവെയിൽ ഭൂരിഭാഗവും പിന്തുണച്ചതും ഛന്നിയെ; സിദ്ദു -അമരിന്ദർ തർക്കത്തിൽ കിട്ടിയ സ്ഥാനം ഛന്നി വീണ്ടും ഉറപ്പിക്കുമ്പോൾ
ചണ്ഡിഗഡ്: ചരൺജിത് സിങ്ങ് ഛന്നിയെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ കോൺഗ്രസ് തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ലുധിയാനയിൽ നടക്കുന്ന റാലിയിൽ രാഹുൽ ഗാന്ധി നടത്തും. പ്രവർത്തകർക്കിടയിലും സ്വകാര്യ ഏജൻസി ഉപയോഗിച്ച് ഹൈക്കമാന്റ് നടത്തിയ സർവെയുടെ അടിസ്ഥാനത്തിലാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
സാധാരണ തെരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോൺഗ്രസിനില്ല. ജനവിധി അനുകൂലമായാൽ എംഎൽഎമാരുടെ യോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കലാണ് പതിവ് രീതി. എന്നാൽ പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നിർബന്ധിതമായത്. ഇതോടെ പ്രചാരണരംഗത്ത് കൂടുതൽ ആവേശത്തോടെ മുന്നോട്ട് പോവാൻ സാധിക്കും എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാവണം എന്നത് സംബന്ധിച്ച് ഹൈക്കമാന്റ് പ്രവർത്തകർക്കിടയിൽ സർവെ നടത്തിയിരുന്നു. കൂടാതെ ഒരു സ്വാകാര്യ ഏജൻസിയും സർവെ നടത്തിയിരുന്നു. ഈ സർവെയിൽ ഭൂരിഭാഗവും പിന്തുണച്ചത് ഛന്നിയെയായിരുന്നു. പഞ്ചാബ് പി.സി.സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ എതിർപ്പ് മറികടന്നാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനം പങ്കിടേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. അതേസമയം പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ നവജ്യോത് സിങ്ങ് സിദ്ധു വ്യക്തമാക്കി.
എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മന്നിന് വലിയ തോതിലുള്ള പ്രതിഛായയില്ല എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ദളിത് വിഭാഗത്തിലുള്ള ചന്നിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിലൂടെ ദളിത് വിഭാഗത്തെ കൂടുതൽ തങ്ങളോടൊപ്പം ചേർത്തുനിർത്താം എന്നാണ് പാർട്ടി കരുതുന്നത്.
കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിക്ക് വലിയ തോതിലുള്ള സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും, ചന്നിയുടെ സ്ഥാനാർത്ഥിത്വത്തോടെ എ.എ.പിയിലേക്ക് പോവാൻ സാധ്യതയുള്ള ദളിത് വോട്ടുകൾ തങ്ങൾക്ക് അനുകൂലമാവുമെന്നും, ഇതുവഴി തുടർഭരണം നേടാനാവുമെന്നും കോൺഗ്രസ് കരുതുന്നു.
പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവുമായുള്ള രാഷ്ട്രീയ പോരിനിടയിൽ അമരിന്ദർ സിങ്ങിന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതോടെയാണ് ചരൺജിത്ത് സിങ് ഛന്നിയെ കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനത്തേക്കു നിയോഗിച്ചത് സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി. എന്നാൽ ഇതിനുപിന്നാലെ പഞ്ചാബ് സാക്ഷ്യം വഹിച്ചത് സിദ്ദു - ഛന്നി തർക്കത്തിനാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചതോടെ പതിവുരീതികളിൽ മാറ്റംവരുത്തി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന ചുമതല ഹൈക്കമാൻഡ് നേരിട്ട് ഏറ്റെടുത്തത്.

അതേസമയം, സിദ്ദു ഹൈക്കമാന്റിന് നേരെയും ചന്നിക്ക് നേരെയും വലിയ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ സിദ്ദുവിന്റെ വിമർശനം തൽക്കാലത്തേക്ക് കണക്കിലെടുക്കണ്ട എന്ന നിലപാടിലാണ് നേതൃത്വം.മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സിദ്ദു നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് ഹൈക്കമാന്റിന്റെയും രാഹുൽ ഗാന്ധിയുടെയും തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് സിദ്ദു നേരത്തെ പറഞ്ഞിരുന്നു. സിദ്ദു അമൃത്സർ ഈസ്റ്റിൽ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആര് തിരഞ്ഞെടുക്കപ്പെട്ടാലും അവർക്ക് വേണ്ടി ക്യാമ്പെയ്ൻ നടത്തുന്ന ആദ്യത്തെയാൾ താനായിരിക്കുമെന്ന് ചന്നിയും പറഞ്ഞിരുന്നു. രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ചന്നി ഇത്തവണ ജനവിധി തേടുന്നത്.
ഏതുവിധേനയും പഞ്ചാബിനെ നിലനിർത്തിയേ മതിയാവൂ എന്ന വാശിയിലാണ് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ നിർത്താനുള്ള പാർട്ടിയുടെ തീരുമാനത്തിനു പിന്നിലും ഇതുതന്നെ. ബർണാല ജില്ലയിലെ ബദൗർ, മൂന്നുതവണ മത്സരിച്ചു ജയിച്ച ചംകൗർ സാഹിബ് എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ഛന്നിയുടെ പോരാട്ടം. രണ്ടും സംവരണ സീറ്റുകളാണ്.
രാജ്യത്തെ പട്ടികജാതി വിഭാഗക്കാരിൽ 32% പഞ്ചാബിലായതിനാൽ ആദ്യ ദലിത് സിഖ് മുഖ്യമന്ത്രിയുടെ ഇരട്ട സ്ഥാനാർത്ഥിത്വം കരുത്തുപകരുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതേസമയം ഈ പരീക്ഷണത്തിനിടയ്ക്ക് ജാട്ട്, സിഖ് സമുദായങ്ങളുമായി പാർട്ടി അകലാനും സാധ്യതയുണ്ട്.
മാൾവ, ദോബ, മജാ എന്നിങ്ങനെ ഭൂമിശാസ്ത്രപരമായി മൂന്നു മേഖലകളാണ് പഞ്ചാബ്. സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളിൽ 69 ഉം മാൾവയിലാണ്. മജാ മേഖലയിൽ 25 സീറ്റുകളും ദോബയിൽ 23 സീറ്റുകളുമാണുള്ളത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാൾവ മേഖലയിൽ മത്സരിച്ച 20 എഎപി എംഎൽഎമാരിൽ 18 പേരും വിജയിച്ചിരുന്നു.
എഎപിയുടെ ശക്തികേന്ദ്രമായ ബദൗറിൽനിന്ന് പിർമൽ സിങ് ധൗലയാണ് ജയിച്ചത്. എന്നാൽ പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേരുകയായിരുന്നു. എഎപി പഞ്ചാബ് അധ്യക്ഷനും എംപിയുമായ ഭഗവന്ത് മാന്റെ സംഗ്രൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം കൂടിയാണ് ബദൗർ. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ അദ്ദേഹം സാംഗ്രൂർ ജില്ലയിലെ ധുരി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.
'ഛന്നി ബദൗറിൽ മത്സരിക്കുന്നതോടെ, എഎപിയുടെ വോട്ട് ബാങ്കിൽ വലിയ ആഘാതമുണ്ടാകും. അദ്ദേഹത്തിന്റെ സാന്നിധ്യം ബദൗറിലും അയൽ സീറ്റുകളായ മാൾവ മേഖലയിലെ മെഹൽകലൻ, ദിർബ, സുനം, ലെഹ്റ എന്നിവിടങ്ങളിലും സ്വാധീനം ചെലുത്താം. എഎപിക്ക് വലിയ തിരിച്ചടിയുണ്ടാകാനാണ് സാധ്യത. അതേസമയം, ദലിത് വോട്ടുകൾക്കു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ജാട്ട് സിഖ് സമുദായക്കാരുടെ പിന്തുണ കോൺഗ്രസിന് നഷ്ടമായേക്കാം' ചണ്ഡിഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ പ്രമോദ് കുമാർ പറയുന്നു.
ഛന്നിയുടെ ഇരട്ട മത്സരത്തിനെ പരിഹസിച്ച് എഎപി രംഗത്തെത്തിയിരുന്നു. ചംകൗർ സാഹിബിൽ തോൽവി ഉറപ്പായതോടെയാണ് ബദൗറിലും മുഖ്യമന്ത്രി അങ്കത്തിനിറങ്ങുന്നതെന്നാണ് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ സെക്രട്ടറിയുമായ അരവിന്ദ് കേജ്രിവാൾ പറഞ്ഞത്. 'ഞങ്ങൾ നടത്തിയ സർവേയിൽ ചംകൗർ സാഹിബിൽ ഛന്നി തോൽക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹം രണ്ട് സീറ്റുകളിൽനിന്നു മത്സരിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. ഇതിലൂടെ വ്യക്തമാകുന്നത് ഞങ്ങളുടെ സർവേ ശരിയാണെന്നല്ലേ' കെജ്രിവാൾ ചോദിച്ചിരുന്നു.
'പഞ്ചാബിൽ 20% പേർ ജാട്ട് സിഖ് വിഭാഗത്തിൽ പെടുന്നവരാണ്. 1977 മുതൽ 2017 വരെ ജാട്ട് സിഖ് വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ മാത്രമായിരുന്നു മുഖ്യമന്ത്രിപദത്തിലെത്തിയിരുന്നത്. 1972-77 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരുന്ന ഗ്യാനി സെയിൽ സിങ്ങിന് ശേഷം ജാട്ട് സിഖ് ഇതര മുഖ്യമന്ത്രിയാകുന്നത് ഛന്നിയാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരിൽ കൂടുതലും ജാട്ട് സിഖുകാരാണെന്ന ഛന്നിയുടെ പ്രസ്താവന ആ വിഭാഗത്തിൽപ്പെട്ടവരെ സ്വാധീനിക്കാനിടയുണ്ട്.
അധികാരസ്ഥാനം നഷ്ടപ്പെടുന്നതു കാണുമ്പോൾ ആ സമൂഹത്തിനുണ്ടാകുന്ന വികാരം സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ ഛന്നിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന്റെ ഇരുതലമൂർച്ചയുള്ള വാളായിട്ടുവേണം കരുതാൻ.' പഞ്ചാബ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രഫസർ അഷുതോഷ് കുമാർ പറയുന്നു.
ഫെബ്രുവരി 20നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. മാർച്ച് 10നായിരിക്കും ഫലം അറിയുക.




