ഹൈദരാബാദ്: സംസ്ഥാനത്ത് ഔദ്യോഗിക സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എത്താതിരുന്നതിന് എതിരെ കടുത്ത വിമർശനവുമായി ബിജെപി. പ്രോട്ടോകോൾ ലംഘിച്ച ചന്ദ്രശേഖര റാവുവിന്റെ തീരുമാനം വിഡ്ഢിത്തവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ബിജെപി സംസ്ഥാന ഘടകം പ്രതികരിച്ചു. മുഖ്യമന്ത്രി പതിവായി ഭരണഘടനയെ അപമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയെ അവഹേളിച്ചെന്നും ബിജെപി ആരോപിച്ചു.

തുടർച്ചയായി ഇത് രണ്ടാം തവണയാണ് കെസിആർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരിക്കുന്നത്. സമത്വ പ്രതിമ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനും ഐസിആർഐഎസ്എടിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിടുന്നതിനുമാണ് പ്രധാനമന്ത്രി ഹൈദരാബാദിൽ എത്തിയത്.

ഹൈദരാബാദിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്തിയിരുന്നില്ല. ഗവർണർ തമിലിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി, സംസ്ഥാന മന്ത്രി തലസനി ശ്രീനിവാസ് യാദവ് എന്നിവരാണ് മോദിയെ സ്വീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാലാണ് വിമാനത്താവളത്തിൽ എത്താതിരുന്നതെന്നും വൈകുന്നേരത്തെ പരിപാടിയിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രിക്ക് പകരമാണ് മൃഗ സംരക്ഷണ, ഫിഷറീസ് മന്ത്രി തലസനി ശ്രീനിവാസ് യാദവിനെ നിയോഗിച്ചതെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി സർക്കാരിനേയും മോദിയേയും വിമർശിച്ച് ചന്ദ്രശേഖര റാവു രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മോദി ഓരോ വേഷം കെട്ടുകയാണെന്ന് റാവു പരിഹസിച്ചിരുന്നു. കേന്ദ്ര ബഡ്ജറ്റിനെതിരേയും രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ സ്വീകരിക്കാൻ എത്താതിരുന്നത്. തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനതാവളത്തിൽ എത്താതിരുന്ന തെലങ്കാന മുഖ്യമന്ത്രിയുടെ നിലപാടിനെ തെലങ്കാന ബിജെപി ശക്തമായി അപലപിച്ചു.

പട്ടഞ്ചെരുവിലുള്ള ഇന്റർനാഷണൽ ക്രോപ്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഇക്രിസാറ്റ്) ക്യാമ്പസ് സന്ദർശിച്ച മോദി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ടു. വൈകുന്നേരം അഞ്ചിന് ഹൈദരാബാദിലെ സമത്വ പ്രതിമ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാമാനുജാചാര്യയുടെ കൂറ്റൻ പ്രതിമയാണിത്.

പഞ്ചലോഹത്തിൽ നിർമ്മിച്ച 216 അടി ഉയരമുള്ള പ്രതിമ ഭദ്ര വേദിയെന്ന ലൈബ്രറി കെട്ടിടത്തിന് മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. 54 അടി ഉയരമുള്ള ഈ കെട്ടിടത്തിൽ വേദ ഡിജിറ്റൽ ലൈബ്രറിയും ഗവേഷണ കേന്ദ്രവും രാമാനുജാചാര്യയുടെ നിരവധി കൃതികൾ വിശദീകരിക്കുന്ന ഒരു വിദ്യാഭ്യാസ ഗാലറി എന്നിവയുമുണ്ട്.