ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രാഹുൽ വസ്തുത അന്വേഷിക്കുന്നതിന് പകരം ചൈന പറയുന്നതെന്തും വിശ്വസിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് അടുത്തിടെ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പരാമർശത്തിനെതിരെയാണ് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.

ഗാൽവാൻ താഴ്‌വരയിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈന പറയുന്നതെല്ലാം വിശ്വസിച്ച് മൂന്ന് ചൈനീസ് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ ഒരു ഓസ്‌ട്രേലിയൻ പത്രം 38-50 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നും 2-4 പേരല്ല എന്ന് റിപ്പോർട്ട് ചെയ്തു-പാർലമെന്റിലെ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ പരാമർശിച്ചുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യൻ അതിർത്തികൾ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിലെ ബൽദേവിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഘട്ടത്തിൽ ഇന്ത്യയെ ഗൗരവമായി കാണാതിരുന്ന ലോകം മുഴുവൻ ഇപ്പോൾ നമ്മൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഉറി, പുൽവാമ ആക്രമണത്തിന് ശേഷം നമ്മുടെ സൈന്യം പാക്കിസ്ഥാൻ മണ്ണിൽ തീവ്രവാദികളെ ഉന്മൂലനം ചെയ്തതെങ്ങനെയെന്ന് രാജ്യം കണ്ടു. തങ്ങൾ ശക്തമായ സന്ദേശമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര തലത്തിൽ രാജ്യം ഒറ്റപ്പെട്ടിരിക്കുകയാണെന്ന് അടുത്തിടെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ പറഞ്ഞിരുന്നു. നിലവിലെ ബിജെപി സർക്കാർ പാക്കിസ്ഥാനെയും ചൈനയെയും ഒരുമിച്ച് കൊണ്ടുവന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്?വർ സിങ് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.