കണ്ണൂർ: തളിപ്പറമ്പ് കോടതി റോഡിൽ അഞ്ചുലക്ഷം രൂപ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പണം ഉപേക്ഷിച്ചത് വയോധികൻ കയറിവന്ന ഓട്ടോറിക്ഷക്കാരാണെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ വ്യാഴാഴ്‌ച്ച രാവിലെ 7.45 നാണ് കോടതി റോഡിലെ ചായക്കടക്കാരൻ കരുണാകരനും മുയ്യം വരഡൂരിലെ ബാലനും ചേർന്ന് കോടതി റോഡിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കിട്ടിയ അഞ്ചുലക്ഷം രൂപ പൊലിസിനെ ഏൽപ്പിക്കുന്നത്. കരുണാകരനാണ് പണമടങ്ങിയ കവർ കണ്ടത്. തുടർന്ന് പരിചയക്കാരനായ ബാലനെ കൂട്ടി പരിശോധിച്ചപ്പോൾ പണമാണെന്ന് മനസിലാവുകയായിരുന്നു.

തുടർന്ന് ഈ പണപ്പൊതി തളിപ്പറമ്പ് പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലിസാണ് പണം തിട്ടപ്പെടുത്തി അഞ്ചുലക്ഷം രൂപയുണ്ടെന്ന് പണമേൽപ്പിച്ചവരോട് പറയുന്നത്. പണം ലഭിച്ച സ്ഥലത്തെ സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് ബുധനാഴ്‌ച്ച രാത്രി എട്ടുമണിയോടെയെത്തിയ ഓട്ടോറിക്ഷയിലെത്തിയവരാണ് പണം ഉപേക്ഷിച്ചതെന്ന് വ്യക്തമായത്.

എന്നാൽ ഓട്ടോറിക്ഷയുടെ നമ്പർ വ്യക്തമല്ല. ഈഓട്ടോറിക്ഷ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷയുടെ നമ്പർ വ്യക്തമല്ലാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പണമുപേക്ഷിച്ച സി.സി.ടി.വി ദൃശ്യം പൊലിസ് മറ്റു ഓട്ടോറിക്ഷ തൊഴിലാളികളെ കാണിച്ചുവെങ്കിലും തിരിച്ചറിഞ്ഞില്ല.

മുയ്യം സ്വദേശി ബാലകൃഷ്ണന്റെതാണ് ഉപേക്ഷിക്കപ്പെട്ട പണമെന്ന നിഗമനത്തിലാണ് പൊലിസ്. ബാലകൃഷ്ണൻ തന്റെ ആറുലക്ഷം രൂപ നഷ്ടപ്പെട്ടതായി തളിപ്പറമ്പ് പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ കളഞ്ഞുകിട്ടിയ തുക ഇതുതന്നെയാണോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.