ദുബായ്: സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർബന്ധബുദ്ധിയുടെയോ വാശിയുടെയോ പ്രശ്്നമല്ല. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാമേഖലകളിലുമുണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിക്ക് വേണ്ടി പ്രാരംഭമായി ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എന്നാൽ അതിനിടെ ചിലർ കാര്യമറിയാതെയും മറ്റ് ചിലർ മറ്റു ചില ഉദ്ദേശത്തോടെയും പദ്ധതിയെ എതിർക്കുന്നുണ്ട്. എന്നാൽ നാട്ടിലുള്ള ജനങ്ങൾ ഈ പദ്ധതി നിലവിൽ വരണമെന്നാഗ്രഹിക്കുന്നവരാണ്.

ദുബായിൽ പ്രവാസി മലയാളി സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സിൽവർലൈൻ വേഗപാതയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയതിനു ശേഷം ആദ്യമാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേന്ദ്രത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതായും അന്തിമ അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി

സിൽവർ ലൈൻ വേണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിന് ചേർന്നതല്ലെന്നും മെട്രോമാൻ ഇ.ശ്രീധരനും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പിണറായി വിശദീകരിച്ചു. ദുബായിൽ മലയാളി സമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതി വിഷയത്തിൽ നിലപാടാവർത്തിച്ചത്. വ്യവസായി മന്ത്രി പി രാജീവ്, ജോൺ ബ്രിട്ടാസ് എംപി. എംഎ യൂസഫലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ സിൽവർ ലൈൻ പദ്ധതിക്കായി ഭുമി ഏറ്റെടുക്കാനാവില്ലെന്ന് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഇന്നലെ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അശ്വതി വൈഷ്ണവിന്റെ പ്രതികരണം. അന്തിമ സർവെ നടത്താതെ ഭൂമി ഏറ്റെടുക്കാനാകില്ലെന്നും പദ്ധതിയുടെ ഗൗരവതരമായ സാങ്കേതിക പിഴവുകൾ ഇ ശ്രീധരൻ ചൂണ്ടിക്കാട്ടിയതായും റെയിൽവെ മന്ത്രി വ്യക്തമാക്കി.

സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കൾ റെയിൽവെ മന്ത്രിയെ കണ്ടത്. കേന്ദ്രസഹമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ഇ ശ്രീധരൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായത്. സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയതോതിൽ ഉയർന്ന പ്രതിഷേധം ബിജെപി നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തടുത്തുകയും ചെയ്തിരുന്നു.

അതേ സമയം, വിദേശസന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സംസ്ഥാനത്ത് മടങ്ങിയെത്തും. അമേരിക്കയിലെ ചികിത്സക്കും ഗൾഫ് എക്‌സ്‌പോയിൽ പങ്കെടുത്തതിനും ശേഷമാണ് മടക്കം. ലോകായുക്ത ഓർഡിനൻസിൽ ഗവർണ്ണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാൽ ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്നാണ് സർക്കാർ പ്രതീക്ഷ.

അതിനിടെ ഗവർണ്ണർ നിയമവിദഗ്ധരുമായുള്ള ചർച്ചകൾ തുടരുകയാണ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും ശിവശങ്കറിന്റെ പുസ്തകവും ഉണ്ടാക്കിയ വിവാദങ്ങളിൽ സർക്കാർ സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മടക്കം. അനുമതിയില്ലാതെ പുസത്കം എഴുതിയതിൽ ശിവശങ്കറിനോട് വിശദീകരണം ചോദിക്കണോ വേണ്ടയോ എന്നതിലും മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുക.