- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നമ്മുടെ മാർഗദീപമായ രാഹുൽ ഗാന്ധിക്ക് പഞ്ചാബിലേക്ക് സ്വാഗതം; എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനത്തെ അനുസരിക്കും'; മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ നിന്നും പിൻവലിഞ്ഞ് സിദ്ദു
ചണ്ഡിഗഢ്: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിപ്പിച്ച് ഹൈക്കാന്റിന്റെ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്ന സൂചന നൽകി പഞ്ചാബ് പി.സി.സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. പാർട്ടി മുന്നോട്ടു വെക്കുന്ന തീരുമാനങ്ങൾ താൻ കൃത്യമായി പാലിക്കുമെന്നും, മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ നിർദേശങ്ങൾ മാനിക്കുന്നുവെന്നും സിദ്ദു വ്യക്തമാക്കി. ട്വറ്ററിലൂടെയായിരുന്നു സിദ്ദുവിന്റെ പ്രതികരണം.
'വ്യക്തമായ തീരുമാനങ്ങളില്ലാതെ മഹത്തരമായ ഒരു കാര്യവും ഇതുവരെ നേടിയിട്ടില്ല. എല്ലാ കാര്യങ്ങളിലും വ്യക്തത നൽത്തുന്ന നമ്മുടെ മാർഗദീപമായ രാഹുൽ ഗാന്ധിക്ക് പഞ്ചാബിലേക്ക് ഊഷ്മളമായ സ്വാഗതം. എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനത്തെ അനുസരിക്കും,' സിദ്ദു ട്വീറ്റ് ചെയ്തു.
കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചന്നിയെ പ്രഖ്യാപിക്കുന്നതിൽ വിയോജിപ്പുമായി സിദ്ദു പരസ്യമായി രംഗത്ത് വന്നിരുന്നു. ചന്നിയുടെയോ നേതൃത്വത്തെയോ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.മുഖ്യമന്ത്രിയാവണമെങ്കിൽ ആദ്യം 60 പേരെങ്കിലും ജയിച്ച് എംഎൽഎ ആവണമെന്നായിരുന്നു സിദ്ദു പറഞ്ഞത്. അമൃത്സറിൽ മാധ്യമപ്രവർത്തകരോടായിരുന്നു സിദ്ദുവിന്റെ പ്രതികരണം.
'ഇന്ന് പഞ്ചാബ് വലിയൊരു കാര്യം തീരുമാനിക്കണമായിരുന്നു. ഒരാൾക്ക് മുഖ്യമന്ത്രിയാവണമെങ്കിൽ 60 എംഎൽഎമാരുടെ പിന്തുണയെങ്കിലും വേണം. സർക്കാരുണ്ടാക്കണം. എന്നാൽ അതിനെ കുറിച്ച് ആരും തന്നെ ഒന്നും ചർച്ച ചെയ്യുന്നില്ല, സർക്കാരുണ്ടാക്കാനുള്ള വഴികളെ കുറിച്ചോ ആരും ഒന്നും സംസാരിക്കുന്നില്ല, എല്ലാവരും മുഖ്യമന്ത്രിയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്,' സിദ്ദു പറയുന്നു.
117 അംഗങ്ങളുള്ള പഞ്ചാബ് മന്ത്രിസഭയിൽ 60 സീറ്റുകൾ ലഭിച്ചാൽ മാത്രമേ സർക്കാർ രൂപീകരണം സാധ്യമാവൂ. 59 ആംഗ നിയമനിർമ്മാണ കമ്മിറ്റിയെക്കാൾ ഒരാൾ അധികം ആവശ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് 60 പേരുടെ പിന്തുണ ആവശ്യമായിട്ടുള്ളത്.
ചന്നിയെ മുഖ്യമന്ത്രിയാക്കുന്നതിൽ സിദ്ദുവിന് കടുത്ത അതൃപ്തിയും ഉണ്ടായിരുന്നു. എന്നാൽ സിദ്ദുവിന്റെ അതൃപ്തി കണക്കിലെടുക്കേണ്ട എന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്. ശനിയാഴ്ചയായിരുന്നു ചന്നിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. പ്രവർത്തകർക്കിടയിലും സ്വകാര്യ ഏജൻസികൾ വഴിയും നടത്തിയ സർവേ ചന്നിക്ക് അനുകൂലമായതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഞായറാഴ്ച ലുധിയാനയിൽ വെച്ച് നടക്കുന്ന റാലിയിൽ ഐ.ഐ.സി.സി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇതോടെ പ്രചാരണരംഗത്ത് കൂടുതൽ ആവേശത്തോടെ മുന്നോട്ട് പോവാൻ സാധിക്കും എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടണം എന്ന നിലപാടായിരുന്നു സിദ്ദുവിന്. ചന്നിയുടെയും സിദ്ദുവിന്റെയും പേരുകളായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. അതിനാൽ തന്നെ കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും അത്ര സ്വരച്ചേർച്ചയിലും അല്ലായിരുന്നു.
എന്നാൽ കോൺഗ്രസ് നേതൃത്വം ഇടപെട്ടതോടെയാണ് നിലപാട് മടപ്പെടുത്തി സിദ്ദു രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നതായി അറിയിച്ചത്. തിരഞ്ഞെടുപ്പിൽ അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ വിജയപ്രതീക്ഷയാണ് സിദ്ദുവിനുള്ളത്. കോൺഗ്രസിന്റെ ശക്തിദുർഗങ്ങളിലൊന്നായ മണ്ഡലത്തിൽ നിന്നും എളുപ്പം വിജയിച്ചു കയറാം എന്ന വിശ്വാസത്തിലാണ് സിദ്ദു.
അതേസമയം, ബിജെപിയിൽ നിന്നോ, ആം ആദ്മി പാർട്ടിയിൽ നിന്നോ ആയിരിക്കില്ല പകരം ശിരോമണി അകാലി ദളിൽ നിന്നായിരിക്കും സിദ്ദുവിന് ശക്തമായ മത്സരം ഉണ്ടാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ശിരോമണി അകാലി ദളിന്റെ സമുന്നതനായ നേതാവ് ബിക്രം മജിതിയെ തന്നെ കളത്തിലിറക്കിയാണ് എസ്.എ.ഡി പഞ്ചാബിനെ ഞെട്ടിച്ചിരിക്കുന്നത്. അമൃത്സർ ആരുടെയും കുത്തക മണ്ഡലമാണെന്ന് ആരും കരുതേണ്ടതില്ലെന്നും, സിദ്ദുവിനെ തോൽപിക്കുമെന്നുമായിരുന്നു മജിതിയുടെ പ്രഖ്യാപനം
എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മന്നിന് വലിയ തോതിലുള്ള പ്രതിഛായയില്ല എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ദളിത് വിഭാഗത്തിലുള്ള ചന്നിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിലൂടെ ദളിത് വിഭാഗത്തെ കൂടുതൽ തങ്ങളോടൊപ്പം ചേർത്തുനിർത്താം എന്നാണ് പാർട്ടി കരുതുന്നത്.
കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിക്ക് വലിയ തോതിലുള്ള സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും, ചന്നിയുടെ സ്ഥാനാർത്ഥിത്വത്തോടെ എ.എ.പിയിലേക്ക് പോവാൻ സാധ്യതയുള്ള ദളിത് വോട്ടുകൾ തങ്ങൾക്ക് അനുകൂലമാവുമെന്നും, ഇതുവഴി തുടർഭരണം നേടാനാവുമെന്നും കോൺഗ്രസ് കരുതുന്നു. രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ചന്നി ഇത്തവണ ജനവിധി തേടുന്നത്. ചംകൗർ സാഹേബ് മണ്ഡലത്തിൽ നിന്നും ബാദൗർ മണ്ഡലത്തിൽ നിന്നുമാണ് ചന്നി മത്സരിക്കുന്നത്.
ഫെബ്രുവരി 20നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. മാർച്ച് 10നായിരിക്കും ഫലം അറിയുക.




