കണ്ണൂർ: യുഎസ്, യുഎഇ സന്ദർശനത്തിന് ശേഷം കണ്ണൂരിൽ തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. ദുബായിൽനിന്ന് കണ്ണൂരിലെത്തി, വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു പ്രതിഷേധം. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഞായറാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. മരിച്ചുപോയ സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിനു വേണ്ടിക്കൂടിയാണ് മുഖ്യമന്ത്രി കണ്ണൂരിൽ ഇറങ്ങിയത്.

വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും പന്ത്രണ്ട് മുക്കാലോടെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ വിമാത്താവളത്തിന് പുറത്ത് റോഡിൽ കാത്തിരുന്ന യുവമോർച്ച പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിന്നു.

വിമാനത്താവളത്തിൽനിന്നു രണ്ടു കിലോമീറ്റർ ചുറ്റളവിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശിയത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പുലിയൂർ, ബിജെപി ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം എന്നിവരുൾപ്പെടെ സംഘത്തിലുണ്ടായിരുന്നു.