മുംബൈ: മുംബൈയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ കോൾ സെന്റർ ജോലിക്കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ച് നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് കമുകൻ സീക്കോയെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 28കാരിയായ കരോളാണ് കൊല്ലപ്പെട്ടത്.

ജനുവരി 25നാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് കരോളിന്റെ വീട്ടുകാർ സാന്താക്രൂസ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഈ പരാതി പൊലീസ് വേണ്ടവിധം പരിഗണിച്ചിരുന്നില്ലെന്നും ആക്ഷേപം ഉണ്ട്.

ഒരു കോൾ സെന്ററിൽ ജോലിക്കാരിയായിരുന്നു കരോൾ. അമ്മയ്ക്കൊപ്പമാണ് കരോൾ താമസിച്ചിരുന്നത്. അറസ്റ്റിലായ കാമുകൻ 2011 മുതൽ ഡേറ്റിങിലാണ്. അതിനിടെ പലതവണ ഇവർ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതിനിടെ ജനുവരി 24 ന് രാത്രി 10 മണിക്ക് കരോൾ തന്റെ സ്‌കൂട്ടിയിൽ സിക്കോയെ കാണാൻ എത്തിയിരുന്നു. ആ സമയത്ത് സുഹൃത്തിനൊപ്പം കാമുകൻ മറ്റൊരു ബൈക്കിൽ പോകുകയും ചെയ്തു. താൻ ഉടൻ വീട്ടിൽ എത്തുമെന്ന് കരോൾ അമ്മയെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

പുലർച്ചെ 3 നും 4 നും ഇടയിൽ പാൽഘറിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ വെച്ച് കരോളും സിക്കോയും തമ്മിൽ തർക്കമുണ്ടായി, തുടർന്ന് അയാൾ അവളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തുടർന്ന് കത്തികൊണ്ട് കുത്തുകയുമായിരുന്നു. അവളുടെ രൂപം വികൃതമാക്കാൻ അയാൾ അവളുടെ മുഖത്ത് കല്ലുകൊണ്ട് അടിക്കുകയും ചെയ്തു.

യുവതിയെ കൊലപ്പെടുത്തുന്നതിനായി സീക്കോ കൈയിൽ ഒരു കത്തി കരുതിയിരുന്നതായും പൊലീസ് പറഞ്ഞു.സിക്കോയും സഹായിയും ചേർന്ന് അവളുടെ മൃതദേഹം റോഡിൽ നിന്ന് 15 അടി അകലെ വാഘോഭ ഘട്ട് മേഖലയിൽ ഉപേക്ഷിച്ചു. അതിന് പിന്നാലെ യുവതിയുടെ സ്‌കൂട്ടർ കാട്ടിൽ ഒളിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കരോൾ വീട്ടിലെത്തതാത്തിനെ തുടർന്ന് അമ്മ സാന്താക്രൂസ് പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പത്ത് ദിവസത്തിന് ശേഷം, ഫെബ്രുവരി 3 ന് വൈകീട്ട്, കുറ്റിക്കാടുകൾക്ക് സമീപം ദുർഗന്ധം വമിക്കുന്നത് കണ്ടെത്തിയപ്പോൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കരോളാണെന്ന് പൊലീസ് കണ്ടെത്തിയത്. യുവതിയുടെ നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.