തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ പ്രതികൂല നിലപാടാണ് സ്വീകരിച്ചതെങ്കിലും ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിൽ സംസ്ഥാന സർക്കാർ. ഭൂമിയേറ്റെടുക്കൽ നടപടി നിർത്തിവയ്ക്കുന്നതാണ് ഇപ്പോൾ ഉചിതമെന്ന റെയിൽവേ മന്ത്രാലയത്തിന്റെ അഭിപ്രായം തൽക്കാലം കേരളം കേൾക്കും. റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടിയശേഷം മാത്രമേ സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൂവെന്ന് കെ- റെയിൽ അധികൃതർ വ്യക്തമാക്കിക്കഴിഞ്ഞു.

ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ഗതാഗതവകുപ്പും റവന്യൂ വകുപ്പും നേരത്തേ വെവ്വേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും സാമൂഹിക ആഘാതങ്ങൾ പഠിക്കാനും പദ്ധതിയുടെ ആവശ്യം നിർണയിക്കാനുമുള്ള പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും കെ- റെയിൽ അറിയിച്ചു.

ഭൂമിയേറ്റെടുക്കൽ നടപടിക്കായി ജില്ലകളിൽ ഓഫിസ് തുറക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥരെ സാമൂഹികാഘാത പഠനത്തിനും കല്ലിടലിനുമായി ഉപയോഗിക്കും. പദ്ധതി എങ്ങനെ ജനങ്ങളെ ബാധിക്കുമെന്നു പഠനത്തിനു ശേഷമേ അറിയാനാകൂവെന്നാണ് റെയിൽവേ മന്ത്രി പാർലമെന്റിൽ അറിയിച്ചത്. ഇപ്പോൾ നടക്കുന്ന സാമൂഹികാഘാത പഠനവുമായി മുന്നോട്ടുപോകാനുള്ള റെയിൽവേയുടെ പച്ചക്കൊടിയാണിതെന്ന് കെ റെയിൽ കരുതുന്നു.

എന്തെല്ലാം തടസ്സവാദങ്ങൾ ഉന്നയിച്ചാലും റെയിൽവേ മന്ത്രാലയത്തിന് 49% ഓഹരി പങ്കാളിത്തമുള്ള കെ റെയിൽ നടപ്പാക്കുന്ന സിൽവർ ലൈൻ പദ്ധതിയെ അവർക്കു തള്ളിപ്പറയാനാകില്ലെന്നു തന്നെ സർക്കാർ വിശ്വസിക്കുന്നു. തൽക്കാലം ഭൂമിയേറ്റെടുക്കൽ വേണ്ടെന്ന അഭിപ്രായം റെയിൽവേ മന്ത്രാലയം കോടതിയെ അറിയിച്ചതു ബിജെപി സംസ്ഥാന ഘടകത്തിന്റെ രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.

സർക്കാർ പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചാൽ പദ്ധതി ബാധിക്കുന്ന പ്രദേശങ്ങളിൽ സാമൂഹിക ആഘാത പഠനം നടത്തേണ്ടതുണ്ട്. അതിനു വേണ്ടിയാണ് സർവേ അതിരടയാള നിയമത്തിലെ ആറ് (ഒന്ന്) വകുപ്പു പ്രകാരം സംസ്ഥാന റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്പെഷൽ തഹസിൽദാർമാരുടെ ഓഫിസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഈ അതിരടയാള കല്ലിടൽ പ്രവൃത്തി നടക്കുന്നത്. ഈ ഘട്ടത്തിൽ ആരുടെയും ഭൂമിയോ സ്വത്തോ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ കൈവശപ്പെടുത്തുന്നില്ല.

സാമൂഹിക ആഘാത പഠനം നടത്തുന്നതിനായി പദ്ധതിയുടെ അലൈന്മെന്റിന്റെ അതിര് അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. തുടർന്ന് സാമൂഹിക പ്രത്യാഘാതം വിലയിരുത്തുന്നതിനായി ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിങ്‌നടത്തുകയും പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യും. ഈ റിപ്പോർട്ടുകൾ പരിശോധിച്ച്, ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ നിമയത്തിലെ എട്ട് (രണ്ട്) വകുപ്പ്പ്രകാരം ഉത്തരവിറക്കുന്നതാണ് അടുത്ത നടപടി. സിൽവർ ലൈൻ പദ്ധതിക്ക്‌കേന്ദ്ര റെയിൽവേ ബോർഡിന്റെ അംഗീകാരം കിട്ടിയശേഷം മാത്രമേ, ഇതു സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് പ്രവേശിക്കുകയുള്ളൂ.