ഡെറാഡൂൺ: തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ബിജെപി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽനിന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ മോർഫ് ചെയ്ത ചിത്രം ട്വീറ്റ് ചെയ്ത സംഭവത്തിലാണ് നടപടി.

മുസ്ലിം സമുദായാംഗമെന്ന് സൂചിപ്പിക്കും വിധമുള്ള ചിത്രമാണ് ട്വീറ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.