പത്തനംതിട്ട: മഞ്ഞനിക്കര പെരുന്നാളിന് കൊടിയേറി. മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 90-ാമത് ദുഃഖ്‌റോന (ഓർമ) പെരുന്നാളിനാണ് ഞായറാഴ്ച കൊടിയേറിയച്. ഒപ്പം മലങ്കര യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തി. 11, 12 തീയതികളിലാണ് പ്രധാന പെരുന്നാൾ.

വൈകിട്ട് വിശുദ്ധ മോറാന്റെ കബറിടത്തിൽനിന്ന് എത്തിച്ച പതാക മഞ്ഞിനിക്കര ദയറാ തലവൻ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പൊലീത്ത ഓമല്ലൂർ കുരിശിൻതൊട്ടിയിൽ ഉയർത്തി. കൊടിയേറ്റ് ദിനമായ ഞായറാഴ്ച രാവിലെ എട്ടിന് തുമ്പമൺ ഭദ്രാസനത്തിന്റെ മോർ മിലിത്തിയോസ് യൂഹാനോൻ, കൊല്ലം ഭദ്രാസനത്തിന്റെ മോർ തേവോദോസിയോസ് മാത്യൂസ്, ഇടുക്കി ഭദ്രാസനത്തിന്റെ മോർ പീലാക്‌സിനോസ് സക്കറിയാസ് എന്നിവർ ദയറായിൽ മൂന്നിൻ മേൽ കുർബാന നടത്തി.

തുടർന്ന് പെരുന്നാളിന് തുടക്കംകുറിച്ച് ദയറാ തലവൻ ഗീവർഗീസ് മോർ അത്താനാസ്യോസ്, മോർ മിലിത്തിയോസ് യൂഹാനോൻ, മോർ തേവോദോസിയോസ് മാത്യൂസ്, മോർ പീലാക്‌സിനോസ് സക്കറിയാസ് എന്നിവർ ചേർന്ന് കൊടിയേറ്റി. ഇതോടൊപ്പം മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ പള്ളിയിൽ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ കൊടിയേറ്റി. മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പൊലീത്ത , ഇടവക വികാരി ഫാ. എബി സ്റ്റീഫൻ, ഫാ. സാംജി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

കോവിഡ് ചട്ടം നിലനിൽക്കുന്നതിനാൽ 200 പേർക്ക് വരെ മാത്രമേ പെരുന്നാളിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളൂ. ഏഴ്, എട്ട്, ഒൻപത്, 10 തീയതികളിൽ എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്കും വൈകീട്ട് അഞ്ചിനും പ്രാർത്ഥന ഉണ്ടാവും. ഒൻപതിന് വൈകീട്ട് ആറു മണിക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.