ചുറ്റും കണ്ടൽക്കാടുകൾ നിറഞ്ഞ മനോഹരമായ നദിയിലൂടെ തോണിയിലേറി യാത്ര ചെയ്യുന്ന വിഡിയോ പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ. അതിമനോഹരമായ യാത്രയുടെ വീഡിയോ ഇൻസ്റ്റഗ്രാമിലാണ് സാനിയ പങ്കുവെച്ചത്. ചെറിയ ഒരു തോണിയിലിരുന്ന് ഒഴുകിനീങ്ങുന്ന സാനിയയെ ഈ വിഡിയോയിൽ കാണാം. കൊല്ലം ജില്ലയിൽ, വർക്കലയ്ക്കടുത്തുള്ള പരവൂരിലെ മാൻഗ്രോവ് വില്ലേജ് അഡ്വഞ്ചേഴ്‌സ് ആണ് സാനിയയുടെ യാത്ര ഒരുക്കിയത്.

ആഴ്ചയിൽ എല്ലാ ദിവസവും ഇവിടം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശന സമയം. സൈക്ലിങ്, സ്റ്റാന്റപ്പ് പാഡ്‌ലിങ്, ക്യാംപിങ്, കയാക്കിങ്, ട്രെക്കിങ് മുതലായവയെല്ലാം ഇവിടെ സഞ്ചാരികൾക്കായി ഒരുക്കുന്നു.

വള്ളത്തിൽ നിന്നുകൊണ്ട് തുഴയുന്ന സ്റ്റാൻഡ് അപ്പ് പാഡലിങ് ആണ് മറ്റൊരു പ്രധാന വിനോദം. പരിചയസമ്പന്നരായ പ്രാദേശിക ഗൈഡുകളും ഒപ്പം കാണും. ലൈഫ് ജാക്കറ്റുകൾ, റിഫ്രഷ്മെന്റുകൾ തുടങ്ങി ആവശ്യമായ എല്ലാ സാധനങ്ങളും ഉൾപ്പെടുന്നതാണ് പാക്കേജ്.

 
 
 
View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)

തിരുവനന്തപുരത്തെ കാപ്പിൽ ബീച്ചിനടുത്തുള്ള ഹരിഹരപുരത്താണ് ക്യാംപ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പച്ചപ്പ് നിറഞ്ഞ നെൽവയലുകളുടെ കാഴ്ച കണ്ടുകൊണ്ട്, ഗ്രാമങ്ങളിലൂടെ ഒഴുകിവീശുന്ന മന്ദമാരുതന്റെ തലോടലേറ്റ് സൈക്ലിങ് ചെയ്യാനും സഞ്ചാരികൾക്ക് അവസരമുണ്ട്. നെടുങ്ങോലത്തിന്റെയും പോളച്ചിറയുടെയും മനോഹരമായ ഗ്രാമപ്രദേശങ്ങൾക്കിടയിലൂടെയാണ് സൈക്കിൾ യാത്ര.

 
 
 
View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)

രാവിലെ 6:30 ന് ആരംഭിക്കുന്ന യാത്ര രാവിലെ 9 മണിക്ക് അവസാനിക്കും. ഇതുകൂടാതെ താല്പര്യമുള്ളവർക്ക് ഫിഷിങ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കമാൻഡോ നെറ്റ്, ബർമ്മ ബ്രിഡ്ജ്, സിപ്ലൈൻ, ഫ്രീവാക്ക്, മൾട്ടിവൈൻ, നെറ്റ് കർട്ടൻ, സൈഡ് ജൂല, ആർച്ചറി, ഷൂട്ടിങ് തുടങ്ങിയവയും ഇവർ ഒരുക്കിയിട്ടുണ്ട്.