കാഞ്ഞിരപ്പള്ളി: ജന്മംനൽകിയ ഇരട്ടക്കുട്ടികളെ കൺകുളിർക്കെ ഒന്നു കാണാൻ പോലും ഈ അമ്മയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അമ്മ ചൂടിന്റെ വാത്സല്യം അനുഭവിക്കാൻ ആ കുഞ്ഞുങ്ങൾക്കും ഭാഗ്യം ലഭിച്ചില്ല. കൃഷ്ണപ്രിയയെന്ന ഈ അമ്മയ്ക്കും ആഴ്ചകൾ മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികൾക്കും ഒന്നിക്കണമെങ്കിൽ ഈ അമ്മ ആരോഗ്യം വീണ്ടെടുക്കണം. അതിന് ലക്ഷങ്ങളുടെ ചിലവുണ്ട്.

പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ കൃഷ്ണപ്രിയ (24)യുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. തമ്പലക്കാട് പാറയിൽ ഷാജി-അനിത ദമ്പതിമാരുടെ മൂത്ത മകളാണ് കൃഷ്ണപ്രിയ. ഒന്നര ആഴ്ച മുൻപാണ് കൃഷ്ണപ്രിയയെ പ്രസവത്തിനായി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 29-ന് സിസേറിയൻ നടത്തി. ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. പിറ്റേന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ട് അബോധാവസ്ഥയിലാവുകയായിരുന്നു. പിന്നീട് ഇതുവരെ കൃഷ്ണപ്രിയ സ്വബോധത്തിലേക്ക് തിരികെ വന്നിട്ടില്ല.

ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗർഭപാത്രം എടുത്തുമാറ്റുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തി. വയറ്റിൽ അണുബാധയുണ്ടായതിനെ തുടർന്ന് രക്തസമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചതായും ഡോക്ടർമാർ പറയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കൃഷ്ണപ്രിയയ്ക്ക് ഡയാലിസിസും നടത്തിവരുന്നു. ഇതുവരെ അഞ്ച് ലക്ഷം രൂപയിലധികം ചെലവായി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം മകളുടെ ചികിത്സയ്ക്കായി കഷ്ടപ്പെടുകയാണ്. തുടർ ചികിത്സയ്ക്ക് 15 ലക്ഷം രൂപയോളം വേണം. ക്രഷറിൽ ജോലിചെയ്തുവന്ന അച്ഛൻ ഷാജിക്ക് ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. അമ്മ അനിത പശുവിനെ വളർത്തിയാണ് കുടുംബം പുലർത്തുന്നത്. സഹോദരൻ അനന്തു പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്നു. കൃഷ്ണപ്രിയയുടെ ഭർത്താവ് പ്രവീണിന്റെ പേരിൽ ആക്‌സിസ് ബാങ്ക് തൃക്കാക്കര ശാഖയിലെ അക്കൗണ്ട് നമ്പർ- 917010033895101. ഐ.എഫ്.എസ്. കോഡ് യു.ടി.ഐ.ബി. 0001161. ഗൂഗിൾപേ :9947484408.