ബിജ്നോർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഉത്തർ പ്രദേശിൽ സമ്പൂർണ വികസനം സാധ്യമാകുമെന്നും അതിനായി അടുത്ത 25 വർഷം ബിജെപിക്ക് വിട്ടുനൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

യുപിയിൽ വികസനം കൊണ്ടുവന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള 'ഇരട്ട എൻജിൻ സർക്കാർ' ആണെന്നും മോദി പറഞ്ഞു. യുപിയിലെ ബിജ്നോറിൽ നടന്ന പ്രചാരണ പരിപാടിയിൽ വീഡിയോ കോൺഫൻസിങ്ങിലൂടെ സംസാരിക്കുകയായിരുന്നു മോദി. ഉത്തർ പ്രദേശിൽ ബിജെപി സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു നരേന്ദ്ര മോദിയുടെ പ്രചാരണം.

ഉത്തർ പ്രദേശിലെ വികസനത്തെ നദിയിലെ ജലപ്രവാഹത്തോട് ഉപമിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇത്രയും നാൾ യുപിയിലെ വികസനമെന്ന നദിയിലെ ജലം നിശ്ചലമായിരുന്നു. സാധാരണക്കാരന്റെ വിശപ്പിന്റേയും വികസനത്തിന്റേയും ദാഹം ഇത്രയുംനാൾ അവിടെ ഭരിച്ചിരുന്ന സമാജ് വാദി പാർട്ടി അറിഞ്ഞിരുന്നില്ല. അവർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് വികസം സാധ്യമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

എസ്‌പിയും ബിഎസ്‌പിയും തങ്ങളുടെ ദാഹം മാത്രം ശമിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ സാധാരണമായിരുന്നു. എന്നാൽ ഇപ്പോൾ ആ അവസ്ഥയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. യോഗി സർക്കാർ സ്ത്രീകളെ അത്തരത്തിലുള്ള ഭയത്തിൽ നിന്ന് മോചിപ്പിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.