ന്യൂഡൽഹി: നോയിഡയിൽ അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയ ഇരട്ട 40നില കെട്ടിടം തകർക്കുന്നത് രണ്ടാഴ്ചക്കകം ആരംഭിക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശം. റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂപ്പർടെക് നിർമ്മിച്ച കെട്ടിടം തകർക്കുന്നതിന്റെ ഭാഗമായി 72 മണിക്കൂറിനകം ബന്ധപ്പെട്ടവർ യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

നിയമവിരുദ്ധമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റിലാണ് ഫ്ലാറ്റ് പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. വീട് വാങ്ങിയവരുടെ ഹർജികളാണ് കോടതി ഇന്ന് പരിഗണിച്ചത്.

ജനുവരി 17 ന്, നോയിഡ അഥോറിറ്റി തയ്യാറാക്കിയ പൊളിക്കൽ ഏജൻസിക്കുള്ള നിർദ്ദേശം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. പൊളിക്കൽ ഏജൻസിയായ ''എഡിഫിസുമായി'' ഒരാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പിടാൻ സൂപ്പർടെക്കിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

ഫെബ്രുവരി 28നകം എമറാൾഡ് കോർട്ട് പ്രോജക്റ്റിൽ ഫ്‌ളാറ്റുകൾ ബുക്ക് ചെയ്ത എല്ലാ വീട്ടുകാർക്കും പലിശ സഹിതം പണം തിരികെ നൽകാനും കോടതി സൂപ്പർടെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയലക്ഷ്യ ഹർജികളുമായി വീട്ടുകാർ കോടതിയിൽ വരാനുള്ള സാഹചര്യം വരുത്തരുതെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ബേല ത്രിവേദി എന്നിവരുടെ ബെഞ്ച് ഓർമ്മിപ്പിച്ചു.