ഗസ്സിയാബാദ്: പിതാവ് ത്രിലോക്ചന്ദ് റെയ്നയുടെ വേർപാടിന്റെ വേദന പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ക്യാൻസർ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ത്രിലോക്ചന്ദ് റെയ്ന കഴിഞ്ഞ ദിവസമാണ് ഗസ്സിയാബാദിലെ വസതിയിൽ അന്തരിച്ചത്.

'പിതാവിന്റെ വേർപാടിന്റെ വേദന ഒരിക്കലും വിവരിക്കാനാവില്ല. ഇന്നലെ പിതാവിനെ നഷ്ടമായതോടെ എന്റെ പിന്തുണയും കരുത്തിന്റെ പിന്നിലെ ശക്തിയുമാണ് ഇല്ലാതായത്. അവസാന ശ്വാസംവരെ ഒരു പോരാളിയായിരുന്നു അദേഹം. പപ്പയ്ക്ക് നിത്യശാന്തി നേരുന്നു. പപ്പയെ എക്കാലവും മിസ് ചെയ്യും' എന്നും സുരേഷ് റെയ്ന ട്വിറ്ററിലെ അനുസ്മരണ കുറിപ്പിൽ കുറിച്ചു.

സൈനികനായിരുന്ന തന്റെ പിതാവിൽ നിന്നാണ് ജീവിതത്തിലെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യവും കരുത്തും തനിക്ക് ലഭിച്ചതെന്ന് റെയ്‌ന നേരത്തെ പറഞ്ഞിരുന്നു.

സൈനിക ഓഫീസറായിരുന്ന ത്രിലോക്ചന്ദ് റെയ്‌ന ഓർഡനൻസ് ഫാക്ടറിയിൽ ബോംബ് നിർമ്മാണ വിദഗ്ദനായിരുന്നു. ജമ്മു കശ്മീരിലെ റെയ്‌നാവാരി സ്വദേശിയായ ത്രിലോക്ചന്ദ് 1990കളിൽ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ തുടർന്നുള്ള സംഘർഷങ്ങൾക്ക് പിന്നാലെയാണ് അവിടം വിട്ട് ഗസ്സിയാബാദിലെ മുരുദഗനഗറിലെത്തിയത്.

2020 ഓഗസ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റെയ്‌ന ഐപിഎല്ലിൽ ഇപ്പോഴും സജീവമാണ്. കഴിഞ്ഞ സീസൺ വരെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരമായിരുന്ന റെയ്‌നയെ ഇത്തവണ ചെന്നൈ നിലനിർത്തിയ താരങ്ങളുടെ പട്ടികയിലില്ല.

ഇന്ത്യക്കായി 226 ഏകദിനങ്ങൾ കളിച്ച റെയ്‌ന 5615 റൺസും 78 രാജ്യാന്തര ടി20യിൽ 1604 റൺസും 18 ടെസ്റ്റിൽ 768 റൺസും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 205 മത്സരങ്ങളിൽ 5528 റൺസും റെയ്നയ്ക്കുണ്ട്. ഇന്ത്യക്കായി 2011 ലോകകപ്പ് നേടിയ ടീമിൽ തിളങ്ങിയ താരമാണ് റെയ്‌ന.