ഡെറാഡൂൺ: ബോളിവുഡ് താരം അക്ഷയ് കുമാറിനെ ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസ്സഡറായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ വസതിയിൽ അക്ഷയ് കുമാർ സന്ദർശനം നടത്തിയിരുന്നു. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് അക്ഷയ് കുമാർ ഉത്തരാഖണ്ഡിൽ എത്തിയത്.

തങ്ങൾ അക്ഷയ് കുമാറിനോട് ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസ്സഡറായി പ്രവർത്തിക്കാൻ നിർദേശിച്ചിരുന്നു എന്നും അദ്ദേഹം അത് അംഗീകരിച്ചു എന്നുമാണ് ധാമി എഎൻഐയോട് പറഞ്ഞത്. അക്ഷയ് കുമാറിനെ ഉത്തരാഖണ്ഡിന്റെ പരമ്പരാഗത വേഷവിധാനത്തിന്റെ ഭാഗമായി തൊപ്പി അണിയിച്ചായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്.

മുഖ്യമന്ത്രിയുമായുള്ള സന്ദർശനത്തിന് ഒരു ദിവസം മുൻപ് ഉത്തരാഖണ്ഡിനെ കുറിച്ച് താരം പങ്കുവച്ച പോസ്റ്റും ശ്രദ്ധേയമായിരുന്നു.''മറ്റെന്തുമായാണ് പ്രണയത്തിലാകാൻ സാധിക്കുക. ഉത്തരാഖണ്ഡിനെ നമ്മൾ ദേവഭൂമി എന്ന് വിളിക്കുന്നതിന് കാരണമുണ്ട്. മസൂറിയല്ലാതെ ലോകത്തിലെ ഏറ്റവും ആകർഷകമായ മറ്റൊരു സ്ഥലം വേറെ ഇല്ല'' അക്ഷയ് കുമാർ കുറിച്ചു.

'രാമസേതു' ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒരു ആക്ഷൻ-അഡ്വെഞ്ചർ-ഡ്രാമ സിനിമയാണ് 'രാമസേതു'. ദീപാവലി റിലീസിനായി കാത്തിരിക്കുകയാണ് ചിത്രം. അഭിഷേക് ശർമ്മയാണ് സംവിധാനം. സിനിമയിൽ ഒരു പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാർ എത്തുന്നത്. താരത്തിനൊപ്പം ജാക്വിലിൻ ഫെർണാണ്ടസും ചിത്രത്തിൽ എത്തുന്നുണ്ട്.