മയ്യിൽ: ബഹ്റിനിൽ നിന്നും നാട്ടിലേക്ക് വന്ന കണ്ണൂർ സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.
നാറാത്ത് പാമ്പുരുത്തിയിലെ മേലേപാത്ത് ഹൗസിൽ അബ്ദുൽ ഹമീദി(42)ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകീട്ടോടെ പഴയങ്ങാടി പുഴയിൽ നിന്നു കണ്ടെത്തിയത്.

ശനിയാഴ്ച ബഹ്‌റയ്‌നിൽ നിന്നു കരിപ്പൂരിൽ വിമാനമിറങ്ങി നാട്ടിലേക്ക് വന്നതായിരുന്നു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചെങ്കിലും വീട്ടിലെത്തിയില്ല. തുടർന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചതനുസരിച്ച് റെയിൽവേ പൊലീസ് സിസിടിവി പരിശോധിച്ചപ്പോൾ കണ്ണൂരിൽ ട്രെയിനിറങ്ങിയില്ലെന്നു മനസ്സിലായി. ഇതിനിടെ, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള ലഗേജുകൾ മംഗലാപുരത്ത് ട്രെയിനിൽ കണ്ടെത്തുകയും ചെയ്തു.

പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് പഴയങ്ങാടി പുഴയിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. കുറച്ചുകാലം മുൻപാണ് ഹമീദ് അവധിക്കു വന്നതിനു ശേഷം നാട്ടിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഖബറടക്കി. ഗൾഫിൽ നിന്നും വന്നശേഷം അടുത്ത കാലത്താണ് അബ്ദുൽഹമീദ് മടങ്ങിയത്. അവിടെ ബിസിനസ് ചെയ്തുവരികയായിരുന്നു.

ഹമീദിന്റെ മരണം അപകടമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന കാര്യമാണ് പൊലിസ് അന്വേഷിച്ചുവരുന്നത്. കോവിഡ് പ്രതിസന്ധിയിൽ ഗൾഫിലെ ബിസിനസിൽ തിരിച്ചടി നേരിട്ടിരുന്നുവെന്ന സൂചന പൊലിസിനു ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തിക വൈഷമ്യം ഇദ്ദേഹത്തെ അലട്ടിയിരുന്നുവോയെന്ന കാര്യമാണ് പൊലിസ് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വരും ദിനങ്ങളിൽ ബന്ധുക്കളുടെയും അടുപ്പമുള്ളവരുടെയും മൊഴിയെടുക്കും.

നാട്ടിൽ പൊതുസമ്മതനായ അബ്ദുൽ ഹമീദിന്റെ ദുരന്തം പാമ്പുരുത്തി ഗ്രാമത്തെ ഞെട്ടിച്ചിട്ടുണ്ട്. എല്ലാവരോടും സൗമ്യമായി പെരുമാറുകയും ഏതുകാര്യത്തിനും സഹായിക്കുകയും ചെയ്യുന്ന പ്രകൃതമായതിനാൽ നാട്ടിൽ പൊതുസ്വീകാര്യനാണ് ഹമീദ്. ഇദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നമുള്ളതായി നാട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയില്ലെന്നാണ് വിവരം.

ഹമീദിന്റെ സഹോദരന്മാർ ഗൾഫിൽ ജോലി ചെയ്തുവരികയാണ്. പരേതനായ മമ്മുഹാജി-മേലേപാത്ത് കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. പെരുമാച്ചേരി കൊട്ടപ്പൊയിലിലെ റാബിയയാണ് ഭാര്യ: മക്കൾ: റസൽ, റയ, സബ, സൈബ. സഹോദരങ്ങൾ: അബ്ദുൽഖാദർ, റാസിഖ്(കെഎംസിസി യാമ്പൂ-കണ്ണൂർ ഖജാൻജി), അബ്ദുസ്സലാം, ശിഹാബ്, ആയിഷ, റാബിയ, സക്കീന, ഖദീജ, പരേതയായ റുഖിയ.