ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ നിലവിൽ ലഭ്യമല്ലെന്നു കേന്ദ്ര സർക്കാർ രാജ്യ സഭയെ അറിയിച്ചു.

'കോവിഡിനെത്തുടർന്നു മരണം സംഭവിച്ചതിനു ശേഷം ഗംഗാ നദിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം എത്രയെന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല' കേന്ദ്ര മന്ത്രി ബിശ്വേശ്വർ ടുഡു പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു പ്രതികരണം. ഗംഗാനദിയിൽ മൃതദേഹങ്ങൾ തള്ളിയ സംഭവത്തിൽ വിവിധ സംസ്ഥാന സർക്കാരുകളോടു വിശദീകരണം തേടിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കേന്ദ്ര മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെ.സി.വേണുഗോപാൽ എംപി രംഗത്തെത്തി. സർക്കാർ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഓക്‌സിജൻ ക്ഷാമം മൂലം സംഭവിച്ച മരണങ്ങളുടെ കണക്കിനെപ്പറ്റി ചോദിച്ചപ്പോൾ തനിക്കു ലഭിച്ചത് ഇതേ മറുപടിയായിരുന്നെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.