മുംബൈ: നടനും കായികതാരവുമായ പ്രവീൺ കുമാർ സോത്ബി (74) അന്തരിച്ചു. ന്യൂഡൽഹിയിലെ അശോക് വിഹാറിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബി.ആർ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തിലെ ഭീമ വേഷത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് പ്രവീൺ കുമാർ സോത്ബി. 1981 ൽ പുറത്തിറങ്ങിയ രക്ഷ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

1960-1972 കാലഘട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രവീൺ കുമാർ സോബ്തി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തു. ഹാമർ, ത്രോ, ഡിസ്‌കസ് ത്രോ എന്നിവയായിരുന്നു ഇനങ്ങൾ. 1966, 1970 വർഷങ്ങളിൽ സിഡ്കസ് ത്രോയിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. 1968, 1972 വർഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുകയും ചെയ്തു.

മൈക്കിൾ മദന കാമ രാജൻ, മേരി ആവാസ് സുനോ, കമാൻഡോ, ഖയാൽ, ഹംലാ, അജയ്, ട്രെയിൻ ടു പാക്കിസ്ഥാൻ തുടങ്ങി അമ്പതോളം സിനിമകളിൽ വേഷമിട്ടു. മഹാഭാരതത്തിലെ ഭീമൻ വേഷമാണ് പ്രവീൺ കുമാറിനെ ഏറെ ശ്രദ്ധേയനാക്കിയത്.

2013 ൽ ആം ആദ്മി പാർട്ടിയിൽ അംഗമായ പ്രവീൺ കുമാർ ഡൽഹിയിലെ വാസിർപൂർ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് ബിജെപിയിൽ ചേർന്നു.